കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തെക്കുറിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് കിട്ടി. അതിന്റെ പശ്ചാത്തലത്തിൽ കർശന നടപടി കൈക്കൊള്ളാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഇക്കാര്യത്തിൽ വകുപ്പിന് ചെയ്യാനുള്ളതിന്റെ പരമാവധി തന്നെ ചെയ്യും. നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെയാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുതന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 2025 മെയ് മാസം 13 ന് വിശദമായ ഒരു സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിക്കുകയുണ്ടായി. 2025-26 അദ്ധ്യയന വർഷം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ആയിരുന്നു ആ സർക്കുലറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്നാം തലക്കെട്ട് സ്‌കൂൾ സുരക്ഷ എന്നതായിരുന്നു.ഇതിലെ ഒമ്പതാമത്തെ നിർദ്ദേശം ഞാൻ വായിക്കുന്നു. സ്‌കൂളിലേക്കുള്ള വഴി, സ്‌കൂൾ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിൽ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈൻ, സ്റ്റേവയർ, സുരക്ഷാ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്‌ഫോർമറുകൾ മുതലായവ അപകടകരമാംവിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട
കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഈ സർക്കുലർ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരെയും ഡയറ്റ് പ്രിൻസിപ്പൽമാരെയും ആർ.ഡി.ഡി. മാരെയും എ.ഡി. മാരെയും ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസർമാരെയും
എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാരെയും ജില്ലാ പ്രോജക്ട് ഓഫീസർമാരെയും കൈറ്റ് ജില്ലാ കോർഡിനേറ്റർമാരെയും വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാരെയും എല്ലാ പ്രധാന അധ്യാപകരെയും എല്ലാ പ്രിൻസിപ്പൽമാരെയും അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ പ്രാധാന്യം ഈ സർക്കുലർ വ്യക്തമാക്കുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് നൽകുന്ന ശുപാർശകൾ ഇനി പറയുന്നു.
- അന്ന് സ്‌കൂളിന്റെ ചുമതല ഉണ്ടായിരുന്ന എ.ഇ.ഒ. യിൽ നിന്നും ഉടൻ വിശദീകരണം തേടും. (സ്‌കൂൾ തുറന്ന സമയത്ത് കൊല്ലത്ത് ഡി.ഇ.ഒ പെൻഷനായതു കാരണം കൊല്ലം എ.ഇ.ഒ. ആന്റണി പീറ്ററിനായിരുന്നു ഡി.ഇ.ഒ. യുടെ അധിക ചുമതല നൽകിയിരുന്നത്.)
- നടപടി എടുക്കാതിരിക്കാൻ കാരണം കാണിച്ച് മാനേജ്‌മെന്റിന് നോട്ടീസ് നൽകും.
- നോട്ടീസിന് മാനേജ്‌മെന്റ് മൂന്നു ദിവസത്തിനുള്ളിൽ മറുപടി രേഖാമൂലം നൽകണം.
- സ്‌കൂളിലെ പ്രധാന അധ്യാപികയെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യണം.
- മാനേജ്‌മെന്റ് കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കണം.
- കെ.ഇ.ആർ. അധ്യായം 3 റൂൾ 7 പ്രകാരം മാനേജ്‌മെന്റിനെതിരെ നടപടി എടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്.
- പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുഖേന മിഥുന്റെ കുടുംബത്തിന് മികച്ച വീട് വെച്ച് നൽകും.
- ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സു വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകും.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയത്തിൽ നിന്നും പ്രത്യേക ഉത്തരവ് ഇറക്കുന്നതാണ്. - പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി. അക്കൗണ്ടിൽ നിന്നും മിഥുന്റെ കുടുംബത്തിന് അടിയന്തിരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നൽകും.
- സ്‌കൂളിൽ പി.റ്റി.എ. പുനഃസംഘടിപ്പിക്കണം.
- തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇക്കാര്യത്തിലുള്ള നിലപാട് പരിശോധിക്കാൻ വേണ്ടി ബഹു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയെ അറിയിക്കുന്നതാണ്.
إرسال تعليق