ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ ഗവർണർ സംസ്കാരത്തെ മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവുമെന്നും കൂട്ടിച്ചേർത്തു. അതേസമയം പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരമാണെന്നും ഗവർണർ പറഞ്ഞു. ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെകൊണ്ട് അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വൻ വിവാദമായിരുന്നു. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സംഭവം അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണമെന്നാണ് കമ്മീഷൻ നിർദേശം. അതേസമയം നേരത്തെ കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു. സംഭവം ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അംഗം അഡ്വ. ബി മോഹൻ കുമാർ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേക്ഷണം നടത്തി.കുട്ടികളെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന പ്രവർത്തിയാണിത്. കർശന നിലപാട് സ്വീകരിക്കുമെന്നും മോഹൻ കുമാർ പറഞ്ഞു. കുട്ടികൾക്ക് ആത്മാഭിമാനം ഉണ്ട്, എന്നിട്ടാണ് അധ്യാപകരുടെ കാൽ ചുവട്ടിൽ ഇരിക്കുന്നതെന്നും മോഹൻ കുമാർ പറഞ്ഞിരുന്നു. അതിനിടെ ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സംഭവത്തിൽ എത്രയും പെട്ടെന്ന് സ്കൂളുകളോട് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത്. ജാതി വ്യവസ്ഥയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും’; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ
WE ONE KERALA
0
إرسال تعليق