ഗാസയിൽ ഇസ്രയേലിന്‍റെ ക്രൂരത തുടരുന്നു. വടക്കൻ ഗാസയിൽ കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ജബാലിയ അൻ-നസ്‌ലയിലെ ഹലീമ അൽ-സാദിയ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ആക്രമണത്തെ അതിജീവിച്ചവർ വെള്ളിയാഴ്ച ആക്രമണത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.നൂറുകണക്കിന് പേരാണ് ഇവിടെ അഭയാർഥികളായി ഉണ്ടായിരുന്നത് എന്നും എല്ലാം തകർന്നെന്നും പ്രദേശവാസികളിൽ ഒരാൾ പറയുന്നു. എല്ലാവരും ഭയത്തിലും വിഷമത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്നത് കണ്ടതായി പറഞ്ഞ ഒരാൾ ഭയാനകമാണ് ഇവിടത്തെ അവസ്ഥ എന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രയേലിന്റെ നിർബന്ധിത പട്ടിണിക്കിടൽ മൂലം ആയിരങ്ങൾ മരിക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ്, സ്കൂളുകളിൽ അടക്കം ബോംബ് ആക്രമണം തുടരുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള വംശഹത്യയാണ് ഗാസയിൽ നടക്കുന്നതെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ ഡോ. അബ്ദുള്ള എം അബു ഷാവേഷ് പറഞ്ഞു. ഗാസയിൽ 20 മാസം പിന്നിട്ട ഇസ്രയേലി ആക്രമണത്തിൽ 57,762 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
إرسال تعليق