ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അകാരണമായി വലിയ കുറ്റം ആരോപിച്ച് യാതൊരു നീതിബോധവും ഇല്ലാത്തവിധം ജയിലിൽ അടയ്ക്കാൻ ഇടയാക്കിയ സംഭവം ഭീകരവും സങ്കടകരവുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ. മതപരിവർത്തനം ആരോപിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ഛത്തീസ്ഗഢിൽ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതിന് അർഥവത്തായ ഒരു ഭരണഘടനയുണ്ട്. ഛത്തീസ്ഗഢിൽ നടന്ന സംഭവം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. സമാനമായ ധാരാളം സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. വർധിച്ചുവരുന്ന വർഗീയതയും വിഭാഗീയ ചിന്തകളും മൂലം ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ജീവിക്കാൻ വയ്യാത്തവിധമുള്ള സാഹചര്യം ഒരുക്കപ്പെട്ടിരിക്കുന്നു എന്നത് ഏറ്റവും സങ്കടകരമായ അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.ദൈവസ്നേഹത്തെ പ്രതി മനുഷ്യർക്കുവേണ്ടി ത്യാഗപൂർവ്വം ജീവിതം സമർപ്പിച്ചിരിക്കുന്ന വിവിധ സന്യാസ സമൂഹത്തിൽപ്പെട്ട സന്യാസിനിമാർ, വൈദികർ, അല്മായ സഹോദരങ്ങൾ എന്നിവരൊക്കെ ചെയ്യുന്ന വലിയ ശുശ്രൂഷകളെയെല്ലാം നിഷ്കരുണം മതപരിവർത്തനത്തിന്‍റെ ലേബൽ ഒട്ടിച്ച് പുറംതള്ളുകയും, അതിന്‍റെ പേരിൽ അവരെ കുറ്റം വിധിക്കുന്ന നിർഭാഗ്യാവസ്ഥ ഏറെ സങ്കടകരമാണെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
إرسال تعليق