റോഡ് നിർമ്മാണവും പരിപാലനവും പൊതുജനത്തിന് ഓഡിറ്റ് ചെയ്യാം: മന്ത്രി മുഹമ്മദ് റിയാസ്


മട്ടന്നൂർ: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ നിർമ്മാണവും പരിപാലനവും സംബന്ധിച്ച് പൊതുജനത്തിന് ഓഡിറ്റ് ചെയ്യാൻ പാകത്തിൽ മാറ്റം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മട്ടന്നൂർ നഗരസഭയേയും മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമരാത്തിനു കീഴിലുള്ള 30000 കിലോമീറ്റർ റോഡുകളിൽ 24000 കിലോമീറ്റർ റോഡുകൾ പൊതുജനത്തിന് ഓഡിറ്റ് ചെയ്യാൻ പാകത്തിൽ പരിപാലന ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞു. വകുപ്പിന്റേതല്ലാത്ത റോഡുകളിലെ കുഴികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ റോഡുകൾക്ക് വന്ന മാറ്റത്തെക്കുറിച്ച് പറയാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ഇതിൽ ആത്മപരിശോധന നടത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പഴയ പാലത്തിന് സമാന്തരമായി വീതി കൂടിയ പുതിയ കൂളിക്കടവ് പാലം 6.40 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പാലത്തിന് 20 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും 19.60 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും ഉൾപ്പെടെ ആകെ 80.40 മീറ്റർ നീളമാണുള്ളത്. ഇരുഭാഗങ്ങളിലും 1.20 മീറ്റർ വീതിയിൽ നടപ്പാതയുൾപ്പെടെ ആകെ 10.40 മീറ്റർ വീതിയുമുണ്ട്. പാലത്തിന്റെ അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനും ഓപ്പൺ ഫൌണ്ടേഷനുമാണ് നൽകിയിട്ടുള്ളത്. പാലത്തിന്റെ മട്ടന്നൂർ ഭാഗത്ത് 187 മീറ്റർ നീളത്തിലും മാങ്ങാട്ടിടം ഭാഗത്ത് 1210 മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും കോൺക്രീറ്റ് പാർശ്വഭിത്തി, ഡ്രൈയിനേജ്, റോഡ് സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കെ.കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയായി. മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൺ എൻ ഷാജിത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ഗംഗാധരൻ എന്നിവർ മുഖ്യതിഥികളായി. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എം സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ടീച്ചർ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ്, മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ ഒ. പ്രീത, മട്ടന്നൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷ പി അനിത, മട്ടന്നൂർ നഗരസഭ വികസനകാര്യ ചെയർമാൻ പി. ശ്രീനാഥ്, മട്ടന്നൂർ നഗരസഭ കൗൺസിലർ എം രഞ്ജിത്ത് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ എം. ഷീന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ബഷീർ, പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ഉമാവതി, എൻ.വി ചന്ദ്രബാബു, സുരേഷ് മാവില, ടി ബാലൻ, എ.കെ സുരേഷ്, സി എച്ച് വത്സലൻ, നൂറുദ്ദീൻ വലിയാണ്ടി, മണാട്ട് കുമാരൻ, കെ.പി രമേശൻ അണിയേരി അച്യുതൻ എന്നിവർ സംസാരിച്ചു.


Post a Comment

أحدث أقدم

AD01