കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രിമാരായ വീണാ ജോർജിനെതിരെയും വി എൻ വാസവനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത് വന്നു. ഇരുവരും ദുരന്തത്തെ ലഘൂകരിക്കാനും വൈറ്റ്‌വാഷ് ചെയ്യാനാണ് ശ്രമിച്ചതെന്നും അതല്ലാതെ തക്ക സമയത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ബിന്ദു മരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തണം രണ്ടേകാൽ മണിക്കൂർ വൈകി. ഇത് കൊലപാതകം തന്നെയാണെന്നും ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു. സംഭവത്തെ ന്യായീകരിക്കാനുള്ള അതിയായ വ്യഗ്രതയിലാണ് ഈ അബദ്ധം സംഭവിച്ചതെന്നും അധ്യക്ഷൻ കുറ്റപ്പെടുത്തി. കേരളത്തിലെ സർക്കാർ ആരോഗ്യരംഗത്തിന്റെ തകർച്ച ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യാഥാർത്ഥ്യം രൂക്ഷമാണെന്ന് ഓരോ ദിവസത്തെയും സംഭവങ്ങൾ തെളിയിക്കുകയാണ്. ഇവിടെ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി ചേരാറുണ്ടായിരുന്നില്ല. പുതിയ കെട്ടിടം പണി കഴിഞ്ഞിരുന്നെങ്കിലും ഉദ്‌ഘാടനം ചെയ്യാനായി മാറ്റിവെച്ചു. ബിന്ദുവിന്റെ കുടുബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മകൾക്ക് സർക്കാർ ജോലി നൽകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അതേസമയം, രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ ഒരുപക്ഷെ രക്ഷിക്കാൻ കഴിയുന്നുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് വിശ്രുതൻ രംഗത്തുവന്നിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടർ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചുവെന്നും വിശ്രുതൻ പറഞ്ഞു.
ബിന്ദുവിന്റെ മൃതദേഹം നിലവിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. അല്പസമയത്തിനുള്ളിൽ സംസ്കാരം നടക്കും. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു രാവിലെ കുളിക്കാനായാണ് തകർന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
إرسال تعليق