മോദി സര്‍ക്കാരിനെതിരെ ഷെയിം വിളിയുമായി ശശി തരൂര്‍ എംപിയും. ഒഡിഷയിലെ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ് തരൂര്‍ പങ്കെടുത്തത്. അതേസമയം മോദി സ്തുതികള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ ഷെയിം വിളിയുമായി തരൂര്‍ എത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് ബിജെപി വോട്ട് മോഷണം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരിഹരിക്കേണ്ട ഗൗരവമേറിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നതെന്ന് തരൂര്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ ജനാധിപത്യം ഏറെ വിലപ്പെട്ടതാണ്. ഇതിന്‍റെ വിശ്വാസ്യത കഴിവില്ലായ്മ, അശ്രദ്ധ, മനഃപൂര്‍വമായ കൃത്രിമത്വം എന്നിവ കാരണം നഷ്ടപ്പെടുന്ന നിലയുണ്ടാകരുത്. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. വിഷയത്തെ കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം എന്നും തരൂര്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് തരൂരിന്‍റെ പോസ്റ്റ്. ഒഡിഷയിലെ ജലേശ്വറിലാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ആക്രമണമുണ്ടായത്. മതപരിവർത്തനം ആരോപിച്ചാണ് 70 പേർ അടങ്ങുന്ന സംഘം ആക്രമിച്ചത്. രണ്ടുവര്‍ഷം മുന്‍പ് മരിച്ച പ്രാദേശിക ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയാണ് ആക്രമണം ഉണ്ടായത്. രണ്ട് പുരോഹിതരെയും കന്യാസ്ത്രീകളെയും എഴുപതോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ഭയം കൊണ്ടാണ് പരാതിപ്പെടാഞ്ഞതെന്നും വൈദികർ പറയുന്നു. സംഭവം രേഖാമൂലം കലക്ടറെ അറിയിക്കാൻ ഒരുങ്ങുകയാണ് വൈദികർ. ഡബിള്‍ എൻജിൻ സർക്കാരുകള്‍ ഉപയോഗിക്കുന്നത് പുരോഹിതരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്നതിനാണന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
إرسال تعليق