സര്‍വകലാശാല വിസി നിയമനം: ‘സുപ്രീംകോടതി വിധി അനുസരിച്ച് നിയമനങ്ങള്‍ നടത്തണം, ചര്‍ച്ചകള്‍ തുടരും’: മന്ത്രി പി രാജീവ്



സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ സമവായം വേണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരായ ആര്‍ ബിന്ദു, പി രാജീവ് എന്നിവരാണ് രാജ്ഭവനില്‍ എത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സുപ്രീംകോടതി വിധി അനുസരിച്ച് നിയമനങ്ങള്‍ നടത്തണമെന്നും തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുതെന്നും മന്ത്രിമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ട്. ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ. ഉത്തരവ് വരുന്നതിനു മുന്‍പ് ഗവര്‍ണര്‍ – സര്‍ക്കാര്‍ തര്‍ക്കം ആരംഭിച്ചിരുന്നു. പ്രശ്‌നത്തില്‍ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ചര്‍ച്ചകള്‍ തുടരുമെന്നും ചര്‍ച്ചകള്‍ എല്ലാം പോസിറ്റീവ് ആണ് എന്നും മന്ത്രി പറഞ്ഞു.

സര്‍വ്വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമവായചര്‍ച്ചകള്‍ക്കായി മന്ത്രിമാര്‍ വീണ്ടും ഗവര്‍ണറെ കണ്ടത്. ഐടി, നിയമ വകുപ്പിലെ ഉദ്യോഗസ്ഥരോട് രാജഭവനില്‍ എത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിമാര്‍ തന്നെ നേരിട്ടെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

സമവായത്തിലൂടെ നിയമനം നടത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രിമാര്‍ ഗവര്‍ണറെ അറിയിച്ചു. സ്ഥിരം വി സി നിയമനത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും മന്ത്രിമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. കേരള ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവും മന്ത്രിമാര്‍ മുന്നോട്ട് വെച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറും 10 മിനിറ്റ് നീണ്ടുനിന്നു.

സാങ്കേതിക -ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. എന്നാല്‍ സുപ്രീംകോടതി വിധി മാനിക്കാതെയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തിരസ്‌കരിച്ചുമാണ് ഗവര്‍ണറുടെ തീരുമാനങ്ങള്‍. സര്‍വ്വകലാശാലകളിലെ പ്രശ്‌നപരിഹാരത്തിനായി നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടിരുന്നു.

എന്നാല്‍ അതിനുശേഷവും ഗവര്‍ണര്‍ സമവായത്തിന് തയ്യാറായിരുന്നില്ല. സര്‍വകലാശാലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ വിദഗ്ധരെ വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായുള്ള സമവായ ചര്‍ച്ചകളാണ് സര്‍ക്കാര്‍തലത്തില്‍ പുരോഗമിക്കുന്നത്.


Post a Comment

أحدث أقدم

AD01