ഇന്ന് ലോക ഗജദിനം


ഇന്ന് ഓഗസ്റ്റ് 12 ലോകമെമ്പാടും ലോക ഗജദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനകളുടെ സംരക്ഷണം, അവയുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. കനേഡിയന്‍ സിനിമാ സംവിധായികയായ പട്രീഷ്യ സിംസും തായ്ലന്‍ഡ് ആസ്ഥാനമായുള്ള എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് 2012-ല്‍ ഈ ആശയം മുന്നോട്ട് വച്ചത്.

ഏഷ്യന്‍, ആഫ്രിക്കന്‍ ആനകള്‍ ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ട്. ആനക്കൊമ്പ് കള്ളക്കടത്ത് ഇതിലൊരു പ്രധാന കാരണമാണ്. ആനക്കൊമ്പിനായി വേട്ടയാടപ്പെടുന്നതിനാല്‍ ആനകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആനകളിലൊന്നായ സത്താവോ പോലും ആനക്കൊമ്പിനായി വേട്ടയാടപ്പെട്ടത് ഇതിന് ഉദാഹരണമാണ്. നിലവില്‍ ലോകത്ത് ഏകദേശം 4 ലക്ഷം ആഫ്രിക്കന്‍ ആനകളും വെറും 40,000 ഏഷ്യന്‍ ആനകളും മാത്രമാണുള്ളത്.

കൂടാതെ കാടുകളുടെ നാശം, ഖനനം, മനുഷ്യന്റെ കടന്നുകയറ്റം എന്നിവ ആനകളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. ഏഷ്യന്‍ ആനകളുടെ ആവാസവ്യവസ്ഥയുടെ 30-40% വരെ ഇതിനോടകം നശിച്ചു. ഇത് മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴി വയ്ക്കുന്നു. ഇത് പലപ്പോഴും മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ശക്തമായ ശരീരവും അതിശയിപ്പിക്കുന്ന പ്രത്യേകതകളുമുള്ള ജീവിയാണ് ആന. നാല് കാലുകളുണ്ടായിട്ടും ചാടാന്‍ കഴിയാത്ത ഒരേയൊരു സസ്തനിയാണ് ഇത്. എന്നാല്‍ ഏകദേശം 25 മൈല്‍ വേഗത്തില്‍ ഓടാന്‍ ആനകള്‍ക്ക് കഴിയും. ആനയുടെ തുമ്പിക്കൈ ഒരു അത്ഭുതമാണ്, ഒന്‍പത് ലിറ്റര്‍ വെള്ളം വരെ അതില്‍ ശേഖരിക്കാന്‍ കഴിയും.

ഈ പ്രത്യേകതകള്‍ക്കും കരുത്തിനും അപ്പുറം ആനകള്‍ നമ്മുടെ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവ വലിയ പങ്കുവഹിക്കുന്നു. അതുകൊണ്ട് തന്നെ ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ആനകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.



Post a Comment

أحدث أقدم

AD01