കണ്ണൂരില്‍ ബ്രിഡ്ജ് ഡേ: ഒരു ദിവസം നാടിന് സമർപ്പിച്ചത് നാല് പാലങ്ങൾ




ഒരു ദിവസം കണ്ണൂരിന് കിട്ടിയത് നാല് പാലങ്ങൾ. കൂളിക്കടവ്, പത്തായക്കല്ല്, വട്ടോളി, നീണ്ടുനോക്കി എന്നിവടങ്ങളിലെ പാലങ്ങൾ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയാണ് കൂളിക്കടവ് പാലം. വീതി കുറഞ്ഞ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഉയർന്നിരിക്കുന്നത്. വീതി കൂടിയ പുതിയ കൂളിക്കടവ് പാലത്തിന്റെ നിർമാണ ചെലവ് 6.40 കോടി രൂപയാണ്. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി.

തൃപ്രങ്ങോട്ടൂർ- കുന്നോത്തുപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് പത്തായക്കല്ല് പാലം. കൂത്തുപറമ്പ് മണ്ഡലത്തിലെ ഈ പാലത്തിന്റെ നിർമാണചെലവ് 2.28 കോടിയോളം രൂപയാണ്. 1.50 മീറ്റർ വീതിയുള്ള നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയും 21.20 മീറ്റർ നീളവും പാലത്തിനുണ്ട്. കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പാലം നാടിന് സമർപ്പിച്ചു.

വട്ടോളിപ്പാലവും നവീകരിച്ച ചിറ്റാരിപ്പറമ്പ്- വട്ടോളി കോയ്യാറ്റിൽ റോഡും മന്ത്രി നാടിന് തുറന്നുകൊടുത്തു. 3.7 കോടി ചെലവിട്ട് മെക്കാഡം ടാറിങ്ങ് നടത്തിയതാണ് ചിറ്റാരിപ്പറമ്പ്- വട്ടോളി കോയ്യാറ്റിൽ റോഡ്. വട്ടോളിപ്പുഴയ്ക്ക് കുറുകെയുള്ള വട്ടോളിപാലത്തിന്റെ നിർമാണചെലവ് 8.06 കോടി രൂപയാണ്. കെ കെ ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് നാടിന് പാലവും റോഡും തുറന്നുകൊടുത്തു.

പേരാവൂർ മണ്ഡലത്തിലെ നീണ്ടുനോക്കിയിലെ പഴയ പാലത്തിന് പകരമായി വീതി കൂടിയ പുതിയ പാലവും മന്ത്രി നാടിന് സമ്മാനിച്ചു. 6.43 കോടി രൂപയാണ് പുതിയ പാലത്തിന്റെ നിർമാണചെലവ്.



Post a Comment

أحدث أقدم

AD01