‘വർഷങ്ങളെടുക്കുന്ന സ്ഥലം ഏറ്റെടുപ്പ് നടപടികൾ ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകൾ കാരണം’; ലിന്റോ ജോസഫ് എംഎൽഎ


ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് ലിന്റോ ജോസഫ് എംഎൽഎ. 17 ഹെക്ടർ വരുന്ന വനഭൂമി ഏറ്റെടുത്തു നൽകുന്നതിന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വഴിയാണ് ഫോറസ്റ്റ് ക്ലിയറൻസ് ലഭിച്ചത്. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന 30 പ്രധാന പദ്ധതികളിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒരു തടസ്സവും ഉണ്ടാകാതിരിക്കാൻ അദ്ദേഹം ഓരോ മാസവും പദ്ധതി അവലോകനം ചെയ്യുകയും പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥലം ഏറ്റെടുക്കൽ കൃത്യമായി പൂർത്തിയാക്കുന്നതിനായി കോഴിക്കോട് ജില്ലാ കളക്ടറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു.

പദ്ധതിക്ക് ആകെ 33 സ്ഥലമാണ് ആവശ്യമായി വന്നത്. സ്ഥലം വിട്ടുനൽകിയവർക്ക് വലിയ തുക നഷ്ടപരിഹാരമായി ലഭിച്ചു, ഇത് ജനങ്ങളിൽ സർക്കാരിനോടുള്ള വിശ്വാസം വർദ്ധിപ്പിച്ചു. മുമ്പ് ഗെയിൽ സമരം നടന്ന പ്രദേശങ്ങളിൽ പോലും വളരെ സമാധാനപരമായി ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചു. സാധാരണയായി വർഷങ്ങൾ എടുക്കുന്ന സ്ഥലം ഏറ്റെടുപ്പ് നടപടികൾ ഒരു വർഷം കൊണ്ട് പൂർത്തിയാക്കി നഷ്ടപരിഹാരം കൈമാറാൻ കഴിഞ്ഞത് വലിയ കാര്യമാണ്. അഴിമതി രഹിതവും സുതാര്യവുമായ രീതിയിലാണ് കാര്യങ്ങൾ നടന്നതെന്നും, ഇത് ജനങ്ങൾക്ക് സർക്കാരിൽ വലിയ വിശ്വാസം നൽകുന്നുണ്ടെന്നും ഇവർ പറയുന്നു.

ഈ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും, ഒരു പദ്ധതിക്കെതിരെയും അഴിമതി ആരോപണം ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊങ്കൺ റെയിൽ കോർപ്പറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചത്. ആഗോള ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വളരെ സുതാര്യമായിരുന്നു, ഇതിൽ ഒരു കളങ്കവും പറയാനില്ല. AI ക്യാമറ കേസിലെ ഹൈക്കോടതി വിധിയിൽ പോലും കരാർ ഘടനകളും നടപടിക്രമങ്ങളും ശരിയാണെന്ന് കോടതി നിരീക്ഷിച്ചത് സംസ്ഥാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും ഉയർത്തിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ നോർവേ സന്ദർശനം ഈ തുരങ്കപാതയുടെ രൂപകൽപ്പനയിൽ പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ളതും ആധുനികവുമായ തുരങ്കങ്ങൾ നിർമ്മിക്കുന്ന രാജ്യമാണ് നോർവേ. നോർവേ സന്ദർശിച്ച മുഖ്യമന്ത്രി അവിടുത്തെ യൂണിവേഴ്സിറ്റി മേധാവിയുമായി സംസാരിക്കുകയും, പിന്നീട് നോർവേയിൽ നിന്നുള്ള ഒരു സംഘം ഇവിടെയെത്തി പാറകളും രേഖകളും പരിശോധിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും മനോഹരമായ തുരങ്കം നിർമ്മിക്കാൻ കഴിയുന്ന സ്ഥലമാണിതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. നോർവേ രാജ്യം എല്ലാ സാങ്കേതിക സഹായവും നൽകുന്നുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും ആധുനികവും നൂതനവുമായ ട്വിൻ ട്യൂബ് തുരങ്കമാണ്. 8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കത്തിൽ ഓരോ 300 മീറ്ററിലും രണ്ട് തുരങ്കങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. ഹെവി വാഹനങ്ങൾക്ക് ബ്രേക്ക്ഡൗൺ ഉണ്ടായാൽ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, അടിയന്തര സാഹചര്യങ്ങൾക്കുള്ള സൗകര്യങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, വായു മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുണ്ട്. ഈ തുരങ്കപാത രാജ്യത്തെ ഏറ്റവും നീളം കൂടിയ ട്വിൻ ട്യൂബ് ടണലായി മാറും. ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കുകയും യാത്ര സുരക്ഷിതമാക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.



Post a Comment

أحدث أقدم

AD01