ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

 


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലുമായി 11 അംഗങ്ങളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്. ടിഡിപിയും സി പി രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് വ്യക്തമാക്കി.ആന്ധ്ര- തെലങ്കാന സ്വദേശിയായ  ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെയാണ് പ്രതിപക്ഷമായ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. സുപ്രീം കോടതി മുൻ ജഡ്ജിയാണ് സുദർശൻ റെഡ്ഡി. ആന്ധ്രയിലെയും തെലങ്കാനയിലേയും എല്ലാ പാര്‍ട്ടികളും തെലുങ്കനായ സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്ക്കണമെന്ന് ഇന്ത്യ മുന്നണി നേതാക്കളും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ സഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് യോഗം. എല്ലാ എംപിമാരോടും വോട്ട് ചെയ്യണമെന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി അഭ്യര്‍ത്ഥിച്ചു. സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.





Post a Comment

أحدث أقدم

AD01