ജനാധിപത്യ വ്യവസ്ഥിതിയെ ബി ജെ പി തകർക്കുന്നു: കെ. സുധാകരൻ എം പി

 


കണ്ണൂർ: ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒരു കാലത്ത് അഭിമാനമായിരുന്ന ഇന്ത്യയുടെ മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി. വോട്ടു കൊള്ളയുടെ ഞെട്ടിക്കുന്ന തെളിവുകളാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി പുറത്തുവിട്ടത്. നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ മുഴുവൻ ഒരു രാഷ്ട്രീയ പാർട്ടി ഹൈജാക്ക് ചെയ്തിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യാതൊരുവിധ ഭരണവിരുദ്ധ വികാരവും ഇല്ലാതെ അവർ തുടർച്ചയായി നേടുന്ന വിജയങ്ങളും പലയിടങ്ങളിലും പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാകുന്ന അപ്രതീക്ഷിത പരാജയങ്ങളുമൊക്കെ വോട്ടർ പട്ടികയിൽ കൃത്രിമം വരുത്തി ഉണ്ടാക്കിയതാണെന്ന് കൃത്യമായ തെളിവുകൾ സഹിതമാണ് രാഹുൽഗാന്ധി ഇന്ത്യൻ ജനതക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

  രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കണ്ണൂർ ഡിസിസി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും തുടക്കമിട്ടിരിക്കുന്നത്. അതിൽ അണിചേരുക എന്നതുമാത്രമാണ് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു പ്രസ്ഥാനത്തിന്റെയും കടമയെന്ന് കെ.സുധാകരൻ എം പി പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിവരങ്ങളെ ആറുമാസത്തോളം ഇഴകീറി പരിശോധിച്ച് ആണ് വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന തെളിവുകൾ രാഹുൽ ഗാന്ധി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടർഭരണം വോട്ട് കവർച്ചയിലൂടെ ആയിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ് .മോദി വിജയിച്ചത് പോലും വോട്ടർ പട്ടികയിൽ കള്ള വോട്ടർമാരെ ചേർത്താണെന്ന് വ്യക്തമായിരിക്കുകയാണ്.എല്ലാ ക്രമക്കേടുകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടു നിൽക്കുകയാണ്. ഗൗരവമേറിയ ചോദ്യങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചപ്പോൾ അതിന് മറുപടി നൽകാതെ രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ഭയപ്പെടുത്താനാണ് ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നതെന്ന് കെ.സുധാകരൻ പറഞ്ഞു.ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.പള്ളിക്കുന്ന് വിമൻസ് കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച് കാൽടെക്സ് സമാപിച്ച നൈറ്റ് മാർച്ചിൽ ആയിരങ്ങൾ അണി ചേർന്നു . നേതാക്കളായ പി ടി മാത്യു ,വി എ നാരായണൻ ,സജീവ് മാറോളി , ചന്ദ്രൻ തില്ലങ്കേരി , അഡ്വ. ടി ഒ മോഹനൻ ,മുഹമ്മദ് ബ്ലാത്തൂർ , എം പി ഉണ്ണികൃഷ്ണൻ , റിജിൽ മാക്കുറ്റി ,രാജീവൻ എളയാവൂർ , അമൃത രാമകൃഷ്ണൻ ,രജനി രാമാനന്ദ് ,വി പി അബ്ദുൽ റഷീദ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു



Post a Comment

أحدث أقدم

AD01