ബാസ്റ്റ്യൻ ബാന്ദ്ര ഇനിയില്ല; 60 കോടി രൂപയുടെ തട്ടിപ്പ് കേസിനിടെ റെസ്റ്റോറൻ്റ് പൂട്ടുന്നുവെന്ന് അറിയിച്ച് നടി ശിൽപ്പ ഷെട്ടി


മുംബൈയിലെ ബാസ്റ്റ്യൻ ബാന്ദ്ര റെസ്റ്റോറന്റ് അടച്ചുപൂട്ടുന്നതായി അറിയിച്ച് ബോളിവുഡ് നടി ശിൽപ്പ ഷെട്ടി. ശിൽപ്പയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിന് പിന്നാലെയാണിത്. തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

ശിൽപ്പ ഇങ്ങനെ കുറിച്ചു, “ഈ വ്യാഴാഴ്ച, മുംബൈയിലെ ഏറ്റവും ഐക്കോണിക് സ്ഥലങ്ങളിൽ ഒന്നായ ബാസ്റ്റ്യൻ ബാന്ദ്രയോട് നമ്മൾ വിടപറയുമ്പോൾ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അടയാളപ്പെടുത്തുന്നത്. എണ്ണമറ്റ ഓർമ്മകളും മറക്കാനാവാത്ത രാത്രികളും നഗരത്തിന്റെ രാത്രിജീവിതത്തിന് രൂപം നൽകിയ നിമിഷങ്ങളും സമ്മാനിച്ച ഒരു വേദി ഇനിയുണ്ടാകില്ല. ബാസ്റ്റ്യൻ ബാന്ദ്ര അടച്ചുപൂട്ടുകയാണെങ്കിലും, റെസ്റ്റോറന്റിന്റെ ആത്മാവ് മറ്റൊരു ഔട്ട്ലെറ്റിലൂടെ നിലനിൽക്കുമെന്ന് നടി തന്റെ ഫോളോവേഴ്സിനെ അറിയിച്ചു “.

ബാസ്റ്റ്യൻ ബാന്ദ്ര അടച്ചുപൂട്ടുന്നുവെങ്കിലും ബാസ്റ്റ്യൻ അറ്റ് ദ ടോപ്പ് എന്ന പേരില്‍ മറ്റൊരു റെസ്റ്റോറൻ്റ് തുറക്കുമെന്ന് അവര്‍ അറിയിച്ചു. ശിൽപ്പ ഷെട്ടിയും റെസ്റ്റോറേറ്റർ രഞ്ജിത് ബിന്ദ്രയും ചേർന്ന് 2016-ൽ തുടങ്ങിയ ബാസ്റ്റ്യൻ ബാന്ദ്ര വളരെ പെട്ടെന്ന് തന്നെ മുംബൈയിലെ ഏറ്റവും മികച്ച ഭക്ഷണശാലകളിൽ ഒന്നായി മാറി. 60.4 കോടി രൂപയുടെ തട്ടിപ്പ് കേസിൽ രാജ് കുന്ദ്രയുടെയും ശിൽപ്പ ഷെട്ടിയുടെയും പങ്കാളിത്തം ആരോപിക്കപ്പെടുന്ന സമയത്താണ് റെസ്റ്റോറന്റ് അടച്ചുപൂട്ടിയത്.

‘ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി വഴി ഇരുവരും ചേർന്ന് തന്നെ വഞ്ചിച്ചതായി വ്യവസായി ദീപക് കോത്താരി ആരോപിച്ചിരുന്നു. 2015 മുതൽ 2023 വരെ ബിസിനസ് വളർച്ചയുടെ പേരിൽ നിക്ഷേപിച്ച പണം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നും അദ്ദേഹം പരാതിയിൽ ആരോപിക്കുന്നു. മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ വിഷയം അന്വേഷിച്ചുവരികയാണ്.



Post a Comment

أحدث أقدم

AD01