നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളെ ശക്തിയുക്തം എതിർത്ത നേതാവ്; ജനാധിപത്യത്തിനും മതേതരത്വത്തിനുംവേണ്ടി പോരാടിയ യെച്ചൂരി

 



രാജ്യത്തെ ഇടതുപക്ഷരാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളിലൊന്നായിരുന്നു യെച്ചൂരി. അതേസമയം തന്നെ യെച്ചൂരിയുടെ നിലപാടുകളിലെ ദൃഢതയും ആശയവ്യക്തതയും എതിരാളികളുടെ സ്നേഹവും ബഹുമാനവും നേടിയെടുത്തു. പാർലമെന്‍റിൽനിന്ന് അദ്ദേഹം പടിയിറങ്ങുമ്പോൾ എതിർപക്ഷത്തെ നേതാക്കൾ യെച്ചൂരിയെക്കുറിച്ച് നടത്തിയ പ്രസംഗങ്ങൾ തന്നെ ഇക്കാര്യം അടിവരയിടുന്നു. 1990ന് ശേഷം കോൺഗ്രസ് സർക്കാരുകൾ രാജ്യത്ത് നടപ്പാക്കിയ ഉദാരവത്കരണ സാമ്പത്തികനയങ്ങളുടെ കടുത്ത വിമർശകനായിരുന്നു യെച്ചൂരി. നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും അപകടത്തിലായപ്പോൾ, അതിനെതിരെ ഉറച്ചശബ്ദമുയർത്തി എക്കാലവും യെച്ചൂരി മുന്നിലുണ്ടായിരുന്നു. ഉദാരവത്കരണനയങ്ങൾ രാജ്യത്ത് ദാരിദ്ര്യവും സാമ്പത്തിക അസമത്വങ്ങളും വർദ്ധിപ്പിച്ചതിനെക്കുറിച്ചും യെച്ചൂരി നിരന്തരം എഴുതുകയും പറയുകയും ചെയ്തു. “മുതലാളിത്തം ഇത്രയും ഭീമാകാരമായ ഉൽപാദന, വിനിമയ മാർഗങ്ങൾ സൃഷ്ടിച്ചിരിക്കുന്നു, ഇത് ആവിഷ്ക്കരിച്ചവർക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.”- ഒരു അഭിമുഖത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടി.


നവലിബറൽ സാമ്പത്തികനയങ്ങളെ എതിർത്തതുപോലെ തന്നെ രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുകയും, അതിന് നേതൃത്വം നൽകിയ പ്രസ്ഥാനത്തെ നയിക്കുകയും ചെയ്ത നേതാവാണ് യെച്ചൂരി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണ് മതേതരത്വവും ജനാധിപത്യവുമെന്ന് യെച്ചൂരി ഊന്നിപ്പറഞ്ഞിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിക്കുകയും മതേതര ശക്തികളുടെ ഐക്യത്തിനായി നിലകൊള്ളുകയും ചെയ്തു.


അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം മുതൽ പൗരത്വ ഭേദഗതി നിയമം (സി.എ.എ) പോലുള്ള വിഷയങ്ങളിൽ വരെ സീതാറാം യെച്ചൂരിയുടെ ശബ്ദം ഉറച്ചതായിരുന്നു. യു.പി.എ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയ കാലഘട്ടത്തിൽ സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. സമൂഹത്തിലെ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും നയങ്ങളും രൂപപ്പെടുത്തുന്നതിൽ യെച്ചൂരിയുടെ പങ്ക് നിസ്തുലമായിരുന്നു.


വൈകാരിക പ്രകടനങ്ങൾക്കപ്പുറം, യുക്തിസഹമായ സംവാദങ്ങളിലൂടെയും ആശയ വ്യക്തതയിലൂടെയുമാണ് സീതാറാം യെച്ചൂരി എന്ന നേതാവിന്‍റെ രാഷ്ട്രീയ ജീവിതം ജനശ്രദ്ധ നേടിയത്. പ്രത്യേകിച്ച് പാർലമെന്‍റിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന്റെ അറിവിനെയും പാർലമെൻ്ററി രംഗത്തെ കഴിവിനെയും ഏറെ ആദരവോടെയാണ് നോക്കിക്കണ്ടത്. യെച്ചൂരിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയും, ചിന്താശേഷിയും പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ്. മോദി സർക്കാരിനെതിരെ ഇന്ത്യ എന്ന പേരിൽ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിൽ യെച്ചൂരിയുടെ പങ്ക് വളരെ വലുതാണ്. രാജ്യത്തെ മതേതര, ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് നിർത്താനുള്ള ശ്രമങ്ങളിൽ എക്കാലവും യെച്ചൂരി നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി നേതാവിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി മാറിയ സീതാറാം യെച്ചൂരിയുടെ ജീവിതം, രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് എക്കാലും ആവേശം പകരുന്നതാണ്.ആഗോളവൽക്കരണവും ഉദാരവൽക്കരണവും രാജ്യത്തെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം പാർലമെൻ്റിനകത്തും പുറത്തും ശക്തമായി വാദിച്ചു. പ്രസംഗങ്ങളിലുടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം ഇക്കാര്യത്തിൽ നിരന്തരം ശബ്ദമുയർത്തി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും സീതാറാം യെച്ചൂരി എക്കാലവും സമരമുഖത്തായിരുന്നു. രാജ്യത്ത് നടപ്പാക്കിയ നവലിബറൽ പരിഷ്കാരങ്ങൾ ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതല്ലെന്നും, ലാഭ കേന്ദ്രീകൃതമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.





Post a Comment

أحدث أقدم

AD01