വിധിയില്‍ തളരാത്ത രാധിക പുതുജീവിതത്തിലേക്ക്




പിലാത്തറ: കളിക്കൂട്ടുകാരനായിരുന്ന പ്രജിലിന്‍റെ കൈപിടിച്ച്‌ രാധിക പുതുജീവിതത്തിലേക്ക് വലതുകാല്‍വെച്ച്‌ കയറിയപ്പോള്‍ അത് വിധിക്കെതിരെ പോരാടി നേടിയ വിജയം കൂടിയായി. പഴയങ്ങാടി നെരുവമ്പ്രത്തെ ലോട്ടറി കച്ചവടക്കാരനായിരുന്ന ശേഖരന്‍റെയും പാചകതൊഴിലാളിയായ റാണി മേരിയുടെയും മൂന്നു മക്കളില്‍ മൂത്തവളായ രാധികയാണ് നിശ്ചയദാര്‍ഢ്യം കൊണ്ട് വിധിക്കെതിരെ പോരാടി നേടിയ വിജയവുമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വലതു കാല്‍മുട്ടിനു താഴെ വളര്‍ച്ചയില്ലാത്ത നിലയിലായിരുന്നു രാധികയുടെ ജനനം. സ്വന്തമായി വീടുപോലും ഇല്ലാതിരുന്ന നിര്‍ധന കുടുംബത്തിന് രാധികയുടെ ചികിത്സയും വിദ്യാഭ്യാസവും വെല്ലുവിളിയായിരുന്നു. എല്‍പി സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ ഒക്കത്തുകയറിയായിരുന്നു സ്‌കൂളിലേക്കുള്ള പോക്കും വരവും. രാധികയുടേയും കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കിയ പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹായത്തോടെ വലതു കാല്‍മുട്ടിന് താഴെ ശസ്ത്രക്രിയ നടത്തി കൃത്രിമകാല്‍ വച്ചുപിടിപ്പിച്ചത് ജീവിതത്തിലെ വഴിത്തിരിവായി. കൃത്രിമക്കാലില്‍ പിച്ചവയ്ക്കാന്‍ ആരംഭിച്ച രാധിക പരസഹായമില്ലാതെ വിദ്യാഭ്യാസവും ഇഷ്ടമേഖലയായ നൃത്തപഠനവും തുടര്‍ന്നു. വിദ്യാഭ്യാസ ചെലവുകള്‍ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് വഹിച്ചതോടെയാണ് പഠനം മുന്നേറിയത്. സ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മാടായി സ്‌കൂളിലും തുടര്‍ന്ന് ഡിഗ്രി പഠനം മാടായി കോളേജിലുമായി പൂർത്തിയാക്കി. ഒപ്പം കംപ്യൂട്ടർ ഡാറ്റാ എന്‍ട്രിയില്‍ പരിശീലനവും നേടി. ഇനി ജീവിതം പച്ചപിടിപ്പിക്കാനായി സ്വന്തമായി ഒരു ജോലി വേണമെന്ന ആഗ്രഹവുമായി കഴിയുമ്ബോഴാണ് ബാല്യകാല സുഹൃത്തും സമീപവാസിയുമായ പ്രജില്‍ രാധികയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. തന്‍റെ പോരായ്മകള്‍ ബോധ്യമുണ്ടായിരുന്നതിനാല്‍ രാധിക വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ രാധികയുടെ ശാരീരിക സാമ്പത്തിക പോരായ്മകള്‍ പ്രശ്‌നമല്ലെന്ന നിലപാടില്‍ പ്രജിലും വീട്ടുകാരും ഉറച്ചുനിന്നതോടെ രാധിക നിലപാട് മാറ്റി. ഇതോടെ സന്തോഷകരമായി മനസമ്മതവും നടന്നു. ഇതിനിടയിലാണ് ജന്മനാ കൂടപ്പിറപ്പായിരുന്ന വിധി വീണ്ടും രാധികയെ വെല്ലുവിളിച്ചത്. എപ്പോഴും താങ്ങും തണലുമായി രാധികയുടെ കൂടെ നിന്നിരുന്ന അച്ഛന്‍ ശേഖരനെ ഹൃദയാഘാതത്തിന്‍റെ രൂപത്തിലെത്തിയ മരണം തട്ടിയെടുത്തത് രാധികയ്ക്ക് കനത്ത ആഘാതമായി. അപ്പോഴും സഹായങ്ങളുമായി കൂടെ നിന്നിരുന്ന പ്രജിലും കുടുംബവുമാണ് ആശ്വാസമായത്. ജീവിതത്തിന് കരുത്തായി മാറിയ ഹോപ്പില്‍ തന്നെ വിവാഹം നടത്താമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഹോപ്പ് അധികൃതര്‍ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ട സാമൂഹിക-സാംസ്‌കാരിക പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇനിയൊരു തൊഴില്‍ എന്നതാണ് രാധികയുടെ ആഗ്രഹം. തൊഴില്‍ നല്‍കാന്‍ ഏതെങ്കിലുമൊരു തൊഴില്‍ദാതാവ് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.




Post a Comment

أحدث أقدم

AD01