മഹാരാഷ്ട്രയിലെ സംവരണത്തർക്കത്തിനിടയിൽ വിവിധ സമുദായങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നേതൃത്വം നൽകണമെന്ന് എൻസിപി നേതാവ് ശരദ് പവാർ. മറാഠകളും മറ്റ് പിന്നാക്കവിഭാഗങ്ങളും (ഒബിസി) തമ്മിലുള്ള സംഘർഷാന്തരീക്ഷം മനഃപൂർവം സൃഷ്ടിക്കുകയാണെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ രണ്ടിന് സംസ്ഥാന സർക്കാർ ഹൈദരാബാദ് ഗസറ്റിൽ ഉത്തരവ് (ജിആർ) പുറപ്പെടുവിക്കുകയും മറാഠാ സമുദായാംഗങ്ങളെ കുൻബികളായി അംഗീകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിയുന്നവർക്ക് കുൻബി ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ഒരു കമ്മിറ്റി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറാഠാ സംവരണപ്രവർത്തകനായ മനോജ് ജരാങ്കെ പാട്ടീൽ മുംബൈയിൽ അഞ്ചുദിവസത്തെ നിരാഹാരസമരം നടത്തിയതിനുശേഷമാണ് സർക്കാരിൻ്റെ തീരുമാനം.
സംസ്ഥാന സാമൂഹിക നീതി, പ്രത്യേക സഹായവകുപ്പ് ജിആർ പുറപ്പെടുവിച്ചതിനുശേഷം ഒബിസികൾക്കിടയിൽ അസ്വസ്ഥത വർധിച്ചുവരുകയാണ്. സംവരണ പ്രശ്നത്തെക്കുറിച്ചും മറാഠകളും ഒബിസികളും തമ്മിൽ സംസ്ഥാനത്ത് വർധിച്ചുവരുന്ന വിള്ളലിന് ഉടനെ പരിഹാരം കാണണമെന്ന് മുതിർന്ന നേതാവ് വ്യക്തമാക്കി.
മറാത്ത്‌വാഡയിൽ കനത്ത മഴയിൽ നാശനഷ്ടമുണ്ടായ കർഷകർക്ക് സഹായം നൽകുന്ന പ്രക്രിയ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്ന് എൻസിപി മേധാവിയും മുൻ കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാർ പറഞ്ഞു.
إرسال تعليق