വമ്പൻ ഷെയർ ബൈ ബാക്കിനൊരുങ്ങി (share buyback) ഇന്ത്യൻ ഐ ടി ഭീമൻ ഇൻഫോസിസ്. ബോർഡ് മീറ്റിംഗിന് ശേഷമാണ് 10,000 കോടി മുതൽ 15,000 കോടി രൂപ വരെ വിലമതിക്കുന്ന ഷെയറുകൾ തിരിച്ചു വാങ്ങാൻ തീരുമാനമായത്. ലിസ്റ്റിംഗിന് ശേഷം അഞ്ചാമത്തെ തവണയാണ് കമ്പനി ഷെയർ ബൈ ബാക്ക് നടത്തുന്നത്.
വിപണിയുടെ നിലക്കാതെയുള്ള ചാഞ്ചാട്ടങ്ങൾക്കിടെ, ഓഹരി ഉടമകൾക്ക് മൂല്യം തിരികെ നൽകുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള നീക്കമെന്ന നിലക്കാണ് കമ്പനിയുടെ ഷെയർ തിരികെ വാങ്ങലിനെ വിദഗ്ധർ കാണുന്നത്.
ഹ്രസ്വകാലത്തേക്ക് ഇൻഫോസിസിന്‍റെ ഓഹരി വിലക്ക് താങ്ങ് നൽകാനും, പ്രതി ഓഹരി വരുമാനം (ഇപിഎസ്) പോലുള്ള പ്രധാന സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുത്താനും ഈ തിരിച്ചുവാങ്ങൽ സഹായിക്കുമെന്നും മാർക്കറ്റ് വിശകലന വിദഗ്ധർ പറയുന്നു.
കഴിഞ്ഞ വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില ഏകദേശം 25% ഇടിഞ്ഞിരുന്നു. അതിനാൽ കമ്പനിയുടെ ഭാവി കൂടുതൽ ഭദ്രമാക്കുന്നതിനായുള്ള മാനേജ്മെന്‍റിന്‍റെ നീക്കമെന്ന നിലക്കാണ് നിക്ഷേപകരും ഇതിനെ കാണുന്നത്. 2017 ൽ 13,000 കോടി രൂപക്കായിരുന്നു കമ്പനിയുടെ ആദ്യ ബൈബാക്ക്. ഇതിന് ശേഷം ആദ്യ മാസത്തിൽ ഓഹരി വില 7% ഇടിഞ്ഞെങ്കിലും, ആറ് മാസത്തിനുള്ളിൽ 13% തിരിച്ചുകയറി നേട്ടം കൈവരിക്കാൻ കമ്പനിക്കായി.
വിപണിയിലുള്ള കമ്പനിയുടെ ഓഹരികള്‍ കുറയ്ക്കുന്നതിനായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടിയാണ് ഓഹരി തിരികെ വാങ്ങല്‍ അഥവാ ഷെയര്‍ ബൈബാക്ക്. ഇതുവഴി പൊതു നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയും. കമ്പനി സാധാരണയായി വിപണി വിലയേക്കാൾ കുറച്ചു കൂടുതലായി നൽകിയാവും ഓഹരി വാങ്ങുക. അതിനാൽ ഓഹരി ഉടമകൾക്ക് നേരിട്ടു ലാഭം കിട്ടും. ഓഹരി വിലക്ക് സ്ഥിരതയും വളർച്ചയും നൽകുന്നതിനൊപ്പം, കമ്പനിയുടെ ഭാവിയിൽ ആത്മവിശ്വാസമുണ്ടെന്നു സൂചിപ്പിക്കുന്ന നടപടി കൂടിയാണ് ഓഹരി തിരികെ വാങ്ങല്‍.
إرسال تعليق