വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ് തലശ്ശേരിയുടെ ആരോഗ്യരംഗം. തലശ്ശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തന സജ്ജമാവുന്നതോടെ കണ്ടിക്കല്‍ ഇനി തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറും. തലശ്ശേരി കണ്ടിക്കലില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഏഴുനില കെട്ടിടമാണ് അമ്മയും കുഞ്ഞും ആശുപത്രിക്കായി കിഫ്ബി സഹായത്തോടെ ഒരുങ്ങുന്നത്. മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കി ജനുവരി ആദ്യം ഉദ്ഘാടനം നടത്തും. നിലവില്‍ ബില്‍ഡിംഗ് സ്ട്രക്ചറിന്റെ 80 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഫര്‍ണിച്ചറുകള്‍ സജ്ജീകരിക്കുന്നതിനുമുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ട്. വരാനിരിക്കുന്ന അമ്മയും കുഞ്ഞും, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവയോട് ചേര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒരു അനക്‌സ് വിഭാഗവും ആരംഭിക്കുന്നുണ്ട്. ഇതിനായി പ്രദേശത്തെ ഗുണ്ടര്‍ട്ട് ഫൗണ്ടേഷന്റെ ഭൂമി എം.സി.സിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ സെന്ററിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമാകുവാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. റോബോട്ടിക് ശസ്ത്രക്രിയ, കാര്‍ ടി സെല്‍ തെറാപ്പി, ഒക്യുലാര്‍ ഓങ്കോളജി, ഹെമറ്റോപോയിറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചികിത്സകള്‍ക്കുള്ള സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സ്ഥാപനമായി എം.സി.സി മാറി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമെന്ന അംഗീകാരവും ഇതിന് ലഭിച്ചു. ചികിത്സയും പഠന സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന 97.65 കോടി രൂപയുടെ പുതിയ ബ്ലോക്ക്, രോഗികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍മിച്ച നൂതന ലബോറട്ടറികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനം എന്നിവ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സേവന നിലവാരം ഉയര്‍ത്തുകയാണ്. തലശ്ശേരി കോട്ടയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ തലശ്ശേരി ജനറല്‍ ആശുപത്രി ഇതിന് സമീപത്തായി മാറ്റി സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തലശ്ശേരി മാഹി ബൈപ്പാസില്‍ നിന്നും ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി തലശ്ശേരി പട്ടണം തിരുവങ്ങാട്, കോടിയേരി ഭാഗത്തേക്ക് കൂടെ വ്യാപിക്കും. ഈ ടൗണ്‍ഷിപ്പ് വികസിക്കുന്നതോടുകൂടി വാണിജ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിക്കാണ് നാട് സാക്ഷ്യം വഹിക്കുക.
തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബാകാനൊരുങ്ങി കണ്ടിക്കൽ
WE ONE KERALA
0
إرسال تعليق