ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ പ്രതീകമാണ് വള്ളം കളിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചാമ്പ്യൻസ് ബോട്ട്ലീഗിൻ്റെ അഞ്ചാം സീസണിലെ ആറാം മത്സരവും കാസർകോട് ജില്ലയിലെ ആദ്യ മത്സരവുമാണ് കോട്ടപ്പുറത്ത് സംഘടിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ തെക്കൻ കേരളത്തിൽ മാത്രം സജീവമായിരുന്ന വള്ളംകളി, പിന്നീട് തേജസ്വിനി പുഴ കേന്ദ്രീകരിച്ച് ഉത്തര മലബാർ ജലോത്സവമായി മാറുകയായിരുന്നു. അതിനുശേഷം, വിനോദസഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് വടക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മലബാർ ജലോത്സവങ്ങളെ സി.ബി.എൽ. ആയി സംഘടിപ്പിക്കാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ വിവിധ വള്ളംകളി മത്സരങ്ങളെ ഏകീകരിച്ച്, വിനോദസഞ്ചാര വകുപ്പ് ചാമ്പ്യൻസ് ബോട്ട് ലീഗ് ഭാഗമായി ഉത്തര കേരളത്തിലെ ധർമ്മടം, ബേപ്പൂർ എന്നീ മത്സരങ്ങൾക്ക് ശേഷം തേജസ്വിനി പുഴയിൽ നടക്കുന്ന മൂന്നാമത്തെ മത്സരമാണിത്.
ലോകരാജ്യങ്ങളിൽ ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ പ്രചാരണാർത്ഥം കേരള വിനോദസഞ്ചാര വകുപ്പ് ഒരു മൈക്രോസൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ വള്ളംകളിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ജനങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും, ഭാവിയിൽ ഈ സൈറ്റിലൂടെ മുൻകൂട്ടിയുള്ള ബുക്കിങ് സൗകര്യം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പെന്നും മന്ത്രി പറഞ്ഞു.
إرسال تعليق