ഗാസയിൽ സമാധാനം പുലരണം അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്



കണ്ണൂര്‍: ലോകരാജ്യങ്ങളാകെ യുദ്ധത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴും അതൊന്നും ചെവിക്കൊള്ളാതെ ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേലിലെ ഭീകര ഭരണകൂടമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.

ഗാസയിലെ വംശഹത്യക്കെതിരേ പലസ്തീന്‍ ജനതയ്ക്ക് അനുഭാവവുമായി അഴീക്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനിഷാദ ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീകളും കുട്ടികളുമടക്കം സാധാരണക്കാരായ പതിനായിരക്കണക്കിനാളുകളാണ് ഇസ്രായേലിന്റെ അടങ്ങാത്ത യുദ്ധ കൊതിക്ക് ഇരയാകുന്നത്. ആളുകള്‍ പട്ടിണികിടന്നു മരിക്കുന്ന വളരെ പരിതാപകരമായ അവസ്ഥയാണ് ഗാസയിലുള്ളത്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിന്നു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ പോലും അതൊന്നും ചെവി കൊള്ളാതെ പൂര്‍ണമായും ഗാസയെ അധീനതയിലാക്കാന്‍ നിരന്തരമായ ആക്രമണം ഇസ്രായേല്‍ അഴിച്ചുവിടുകയാണ്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

 ഏതൊരു ഭീകരതയും എതിർക്കപ്പെടേണ്ടതാണ്. ഒരു രാജ്യത്തെയും ഭീകരത രക്ഷിക്കില്ല. മറിച്ച് ആ രാജ്യത്തെ ജനങ്ങളെ സര്‍വ്വ നാശത്തിലേക്ക് തള്ളി വിടുക മാത്രമേ ചെയ്യുകയുള്ളൂ. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് എക്കാലവും ഫലസ്തീൻ വിഷയത്തിൽ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തളാപ്പ് സംഗീതകലാക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയില്‍ സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.പുനലൂര്‍ പ്രഭാകരന്‍ മുഖ്യ പ്രഭാഷണം നടത്തി.കെ.എന്‍.പി ഹാരിസ് അഹമ്മദ്, സുരേഷ് ബാബു എളയാവൂര്‍, ടി.ജയകൃഷ്ണന്‍, രജിത്ത് നാറാത്ത്, മനോജ് കൂവേരി, ശ്രീജ മഠത്തില്‍, കൂക്കിരി രാജേഷ്, എന്‍.ആര്‍ മായന്‍, കല്ലിക്കോടന്‍ രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു. അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു ഉമ്മര്‍ സ്വാഗതം പറഞ്ഞു.






Post a Comment

أحدث أقدم

AD01