തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാകണം വനിതാ കമ്മീഷൻ


വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും തൊഴിലിടങ്ങളിൽ ചൂഷണത്തിന് വിധേയരാകുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് കൃത്യമായ വേതനം നൽകുന്നതിൽ വിട്ടുവീഴ്ച വരുത്തുന്ന  പ്രവണത വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും  ഇതിനെതിരെ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും  സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു. . കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. 

കുടുംബപരമായ വിഷയങ്ങൾ, അതിർത്തി-വഴി തർക്കങ്ങൾ, അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ബാഹ്യ ഇടപെടലുകൾ മൂലം പരിഹരിക്കാൻ കഴിയാത്ത സാമൂഹിക പ്രശ്നങ്ങളായി വളരുന്ന സാഹചര്യത്തിൽ, അവ തുടക്കത്തിൽ തന്നെ പരിഹരിക്കാൻ ജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന്  കമ്മീഷൻ നിർദ്ദേശിച്ചു.

കുടുംബപരമായ വിഷയങ്ങൾ പൊതുസമൂഹത്തിൽ വലിയ പ്രശ്നങ്ങളായി വളരുന്നത് ഒഴിവാക്കാൻ ഓരോ പഞ്ചായത്തുകളിലുമുള്ള ജാഗ്രതാ സമിതികൾക്ക് സാധിക്കും. ഇത്തരം പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിന് ആവശ്യമായ പരിശീലനങ്ങൾ വനിതാ കമ്മീഷൻ ഇതിനോടകം സമിതികൾക്ക് നൽകിയിട്ടുണ്ട്.

കുടുംബപ്രശ്നങ്ങളിൽ ഇടപെടുന്നതിന് ജാഗ്രതാ സമിതികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ള പശ്ചാത്തലത്തിൽ, സമിതികൾ നല്ല രീതിയിൽ പ്രവർത്തിക്കണം. ജാഗ്രതാ സമിതികളും മറ്റ് നിയമ സഹായ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുവാൻ പൊതുജനങ്ങളും തയ്യാറാകണമെന്നും കമ്മീഷൻ അഭ്യർത്ഥിച്ചു.

കാസർകോട് തിങ്കളാഴ്ച നടത്തിയ സിറ്റിങ്ങിൽ  23 പരാതികൾ പരിഗണിച്ചു. ഇതിൽ ഒരെണ്ണം തീർപ്പാക്കി. ഒരു പരാതി ജാഗ്രത സമിതിയിലേക്ക് അയച്ചിട്ടുണ്ട്.ഒരു പരാതി സെക്രട്ടറിയുടെ റിപ്പോർട്ടിനു വേണ്ടി അയച്ചിട്ടുണ്ട്.20 പരാതികൾ അടുത്ത അദാ ലത്തിലേക്ക്  മാറ്റിവെച്ചു. അഡ്വ. ഇന്ദ്രാവതി, കൗൺസിലർ രമ്യ മോൾ,എ എസ് ഐ സുപ്രഭ , എന്നിവരും അദാലത്തിൽ പങ്കെടുത്തു. കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികളും, വഴിതർക്കങ്ങൾ, തൊഴിലിടങ്ങളിലെ വേതന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾഎന്നിവ  ലഭിച്ചു.



Post a Comment

أحدث أقدم

AD01