‘കേന്ദ്രാവിഷ്കൃതപദ്ധതികൾ സംസ്ഥാനങ്ങളിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ ഉപാധിയാണ്; ഈ സംവിധാനം തന്നെയാണ് യഥാർത്ഥ പ്രശ്നം’: ജോണ്‍ ബ്രിട്ടാസ് എം പി


പിഎം ശ്രീ പദ്ധതിയുടെ വരും വരായ്കകളെക്കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങൾ നടക്കട്ടെ. എന്നാൽ വിദ്യാഭ്യാസമേഖലയിൽ കയറി വെരകാൻ കേന്ദ്രത്തിന് എന്തുകൊണ്ട് കഴിയുന്നു എന്ന ചോദ്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അധികാര പട്ടികയിൽ ഉൾപ്പെടുത്താനാണ് ഭരണഘടനാശില്പികൾ തീരുമാനിച്ചത്. അതിലേക്ക് അവരെ നയിച്ചതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരുന്നു. ഇത്രയും വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം വിദ്യാഭ്യാസ പദ്ധതികളെന്ന ബോധ്യമാണ് ഇതിൽ പ്രധാനം. എപ്പോഴാണ് ഇതിൽ മാറ്റം വന്നത്? ഇന്ദിരാഗാന്ധിയുടെ അമിതാധികാരത്തിന്റെ നാളുകളിൽ, അടിയന്തരാവസ്ഥക്കാലത്ത്, 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റി കേന്ദ്രത്തിന്റെ ഇടപെടൽ ഉറപ്പുവരുത്തുന്ന സമാവർത്തി (concurrent list) പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്ന് ആരൊക്കെ ആരെ പിന്തുണച്ചിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം. അടിയന്തരാവസ്ഥയ്ക്കെതിരെ ഘോരഘോരം സംസാരിക്കുന്ന ബിജെപി ബെഞ്ചുകളെ നോക്കി “നിങ്ങൾ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അടിയന്തരാവസ്ഥക്കാലത്തെ ഫെഡറൽ വിരുദ്ധ നിയമനിർമ്മാണങ്ങൾ റദ്ദാക്കാൻ ആർജ്ജവം കാണിക്കുമോ?” എന്ന് രാജ്യസഭയിൽ ചോദിച്ചത് ഇന്നും ഓർക്കുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നതുതന്നെ സംസ്ഥാനങ്ങളിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ ഉപാധിയാണ്. കോൺഗ്രസ് തുടങ്ങി വെച്ചത് വർദ്ധിത വീര്യത്തോടെ ബിജെപി മുന്നോട്ടു കൊണ്ടുപോകുന്നു. എൺപതോളം കേന്ദ്രാവിഷ്കൃത പദ്ധതികൾ നിലവിലുണ്ട്. ആറ് ലക്ഷം കോടി രൂപയോളമാണ് കേന്ദ്ര ബജറ്റിൽ ഇതിനായി വക കൊള്ളിച്ചിട്ടുള്ളത്. സംസ്ഥാനങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിൽ ഈ ഭീമമായ തുകയുടെ വിഹിതം കിട്ടില്ലെന്നു മാത്രം. കേന്ദ്രാവിഷ്കൃതപദ്ധതികൾ എന്ന സംവിധാനം തന്നെയാണ് യഥാർത്ഥ പ്രശ്നം. പ്രസക്തമായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് നമുക്ക് നിലവിലുള്ള സംവാദത്തെ അർത്ഥപൂർണമാക്കാം.



Post a Comment

أحدث أقدم

AD01