തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് പുതിയ ട്രെയിൻ വേണം; നേത്രാവതിയിലെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് യാത്രക്കാർ


തിരുവനന്തപുരം: സമാനതകൾ ഇല്ലാത്ത ദുരിതമാണ് കേരളത്തിലെ ട്രെയിൻ യാത്രക്കാർ അനുദിനം അനുഭവിക്കുന്നത്. അസാധാരണമായ തിരക്കാണ് കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. എന്നാൽ ഇത് പരിഹരിക്കാനുള്ള ഇടപെടലുകൾ ഇന്ത്യൻ റെയിൽവേ നടത്തുന്നില്ലെന്ന് മാത്രമല്ല, കടുത്ത അവഗണനയാണ് ഈ മേഖലയിൽ കേരളം നേരിടുന്നത്. റെയിൽവേ വരുമാനത്തിന്‍റെ ഗണ്യമായ പങ്ക് കേരളം സംഭാവന ചെയ്യുമുണ്ട്. പകൽ സമയത്ത് മലബാറിലേക്കും തിരികെ തിരുവനന്തപുരത്തേക്കും പുതിയ ട്രെയിൻ വേണമെന്ന് ആവശ്യപ്പെടുകയാണ് യാത്രക്കാർ. നേത്രാവതി എക്സ്പ്രസിലെ യാത്രാദുരിതത്തിന് ഇതിലൂടെ പരിഹാരം കാണാനാകുമെന്നും വിവിധ ട്രെയിൻ യാത്രക്കാരുടെ സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

റെയിൽവേയുടെ പുതിയ ടൈംടേബിൾ നവംബറിൽ നിലവിൽ വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. രണ്ടുവർഷത്തിനുശേഷമാണ് റെയിൽവേ ടൈംടേബിൾ പുറത്തിറക്കുന്നത്. സാധാരണഗതിയിൽ ടൈംടേബിളിലാണ് പുതിയ ട്രെയിനുകളും സമയമാറ്റവുമൊക്കെ റെയിൽവേ ഉൾപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പുതിയ ടൈംടേബിളിൽ മലബാറിലേക്കും തിരിച്ചുമുള്ള പുതിയ ട്രെയിൻ പ്രഖ്യാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

എന്ന് തീരും നേത്രാവതിയിലെ ദുരിതം?

കേരളത്തിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതമവസാനിപ്പിക്കുന്നതിന് പുതിയ ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ ഇപ്പോഴും തണുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. പകൽ സമയങ്ങളിൽ മലബാറിൽ ഉൾപ്പടെ കേരളത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ട്രെയിനുകളുടെ അഭാവം നേത്രാവതി പോലുള്ള ദീർഘദൂര ട്രെയിനുകളിലെ ദുരിതം വർദ്ധിപ്പിക്കുന്നു. ഇതുമൂലം നേത്രാവതിയിലെ ദീർഘദൂര യാത്രക്കാരാണ് ബുദ്ധിമുട്ടിലാകുന്നത്. തിരുവനന്തപുരത്ത് നിന്നും മുംബൈ ലോകമാന്യ തിലക് വരെയും തിരിച്ചും സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനാണ് നേത്രാവതി എക്സ്പ്രസ്.

രാവിലെ കേരളത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ ഇല്ലാത്തതുകൊണ്ടുതന്നെ തിരുവനന്തപുരത്തു നിന്നും തുടങ്ങുന്ന ദീർഘദൂര ട്രെയിനായ നേത്രാവതിയെയാണ് മിക്ക സ്ഥിരം യാത്രികരും ആശ്രയിക്കുന്നത്. നേത്രാവതിയിലാണെങ്കിൽ ആകെയുള്ള രണ്ടു ജനറൽ കോച്ചുകളിൽ തിങ്ങി ഞെരുങ്ങി ശ്വാസം അടക്കി പിടിച്ചു കൊണ്ടാണ് ആളുകൾ യാത്ര ചെയ്യുന്നത്. സാധാരണ ട്രെയിനുകളുടെ അഭാവം പരിഹരിക്കാൻ ആവശ്യത്തിലധികം സ്റ്റോപ്പുകളും നൽകി കൊണ്ട് നേത്രാവതിയിലെ ദീർഘദൂരയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് റെയിൽവേ അധികൃതർ.

വേണം ഇന്‍റർസിറ്റി മോഡലിൽ പുതിയ ട്രെയിൻ

ഈ സാഹചര്യത്തിലാണ് യാത്രക്കാർ ഇന്‍റർസിറ്റി മോഡലിൽ പുതിയ ട്രെയിൻ ആവശ്യപ്പെടുന്നത്. നിലവിൽ മലബാറിലേക്കും തിരിച്ചും പകൽ സമയങ്ങളിൽ സർവീസ് നടത്തുന്ന പരശുറാം, ഏറനാട് എക്സ്പ്രസുകളിൽ യാത്രാദുരിതം പറഞ്ഞറിയിക്കാവുന്നതിൽ ഏറെയാണ്. തിരക്കുകാരണം യാത്രക്കാർ കുഴഞ്ഞുവീഴുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. നേത്രവതിയുടെ സമയം നേരത്തെ ആക്കി ആ സമയത്തു ആലപ്പുഴ വഴി മംഗലാപുരത്തേക്ക് ഒരു ഇന്റർസിറ്റി അനുവദിക്കാമെന്നാണ് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ പരശുറാം, ഏറനാട് എക്സ്പ്രസ്സ് എന്നിവയല്ലാതെ കേരളത്തിലെ എല്ലാ ജില്ലകളെയും പ്രധാനപ്പെട്ട നഗരങ്ങളെയും ബന്ധിപ്പിച്ചു അതിവേഗ ട്രെയിനുകൾ വേറെയില്ല. അതുകൊണ്ട് തന്നെ കണ്ണൂർ- എറണാകുളം, കോയമ്പത്തൂർ- മംഗലാപുരം വണ്ടികളെ പോലെ ജില്ലയിൽ രണ്ടോ മൂന്നോ സ്റ്റോപ്പുകൾ ഉൾപ്പെടുത്തി ഇന്റർസിറ്റി മോഡലിൽ എക്സ്പ്രസ് ട്രെയിൻ പകൽസമയം ഓടിച്ചാൽ യാത്രക്കാർ വലിയ അളവിൽ ആശ്വാസമാകും.

പുതിയ ട്രെയിൻ അനുവദിക്കുന്നതിൽ റേക്ക് ലഭ്യമല്ലെന്ന സാങ്കേതിക തടസമാണ് കഴിഞ്ഞ കുറേക്കാലമായി റെയിൽവേ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പരിഹാരമായി എറണാകുളം -മംഗലാപുരം നമോഭരത് ട്രെയിൻ അനുവദിക്കണമെന്നും, പിന്നീട് തിരുവനന്തപുരത്തേക്ക് നീട്ടാമെന്ന നിർദേശവും യാത്രക്കാർ മുന്നോട്ടുവെക്കുന്നു. ആവശ്യാനുസരണം റേക്കുകളുടെ എണ്ണം 22 ആക്കാമെന്നും യാത്രക്കാർ നിർദേശിക്കുന്നു.



Post a Comment

أحدث أقدم

AD01