ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് ? വിസയ്ക്ക് അപേക്ഷ നൽകിയതായി റിപ്പോർട്ട്


കാൽപന്തുകളിയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതാ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ വരുന്നുവെന്ന് റിപ്പോർട്ട്. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് (രണ്ട്) ഗ്രൂപ്പ് മത്സരത്തില്‍ എഫ്സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അല്‍ നസ്റിന്റെ ടീം പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ, റൊണാൾഡോ ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും, താരം തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നൽകിയെന്നുമാണ് പുതിയ വിവരം.

ഗ്രൂപ്പ് ഡി-യില്‍ ഇറാഖ് ടീം അല്‍ സവ്റയ്ക്കും താജിക് ക്ലബ് ഇസ്തിക്കോളിനും എതിരായ അല്‍ നസ്റിന്റെ മത്സരങ്ങളില്‍ താരം ഇല്ലായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ഇന്ത്യയിലും കളിക്കാനെത്തില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷപകര്‍ന്ന് താരം വിസയ്ക്ക് അപേക്ഷനല്‍കിയത്. ക്ലബ്ബുമായുള്ള കരാര്‍പ്രകാരം എവേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റ്യാനോയെ നിര്‍ബന്ധിക്കാനാവില്ല.

എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോ തന്നെ അൽ നാസറിനെ നയിക്കുമെന്നാണ് സൂചനകൾ. റൊണാൾഡോയ്ക്കൊപ്പം സാദിയോ മാനേ, യാവോ ഫെലിക്സ്, കിംഗ്സ്ലി കോമാൻ തുടങ്ങി വമ്പൻ താരങ്ങളും അൽ നാസർ നിരയിലുണ്ടാവും.

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്റുകളോ ഗോളുകളോ നേടാതെ ഗോവ അവസാന സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അൽ നസ്‌ർ ആണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. റൊണാൾഡോ കളിക്കാൻ എത്തുന്നതിനാൽ മത്സരത്തിന് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമാണെന്ന് എഫ്.സി ഗോവ മാനേജ്‌മെന്റ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Post a Comment

أحدث أقدم

AD01