സിപിഎമ്മിന്റെ രാഷ്ട്രീയ കളിക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു: അഡ്വ മാർട്ടിൻ ജോർജ്


കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ കോട്ടകൾ എന്ന് അവർ കരുതുന്ന ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിക്കാനുള്ള സിപിഎമ്മിന്റെ കുൽസിത നീക്കങ്ങൾക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. മലപ്പട്ടത്തെ ഒരു വാർഡിൽ റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രികയാണ് ഒപ്പ് വ്യാജം എന്ന് പറഞ്ഞു തള്ളിക്കളഞ്ഞത്. സ്ഥാനാർത്ഥി തന്നെ നേരിട്ട് ഹാജരായിട്ടും അത് സ്ഥാനാർത്ഥിയുടെ ഒപ്പല്ല എന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്?  സിപിഎം ഓഫീസുകളിൽ തയ്യാറാക്കിയ ഒരേ രൂപത്തിലുള്ള പരാതികളാണ് പത്രിക തള്ളിക്കാനായി നൽകിയത്. മുൻകാലങ്ങളിൽ എല്ലാ സീറ്റിലും സിപിഎം എതിരില്ലാതെ വിജയിക്കാറുള്ള പ്രദേശങ്ങളിൽ ശക്തമായ പോരാട്ടത്തിന് യുഡിഎഫ് തയ്യാറെടുക്കുമ്പോൾ അതിലുള്ള അസഹിഷ്ണുതയാണ് സിപിഎം പ്രകടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരിൽ പത്രിക പിൻവലിപ്പിക്കാനായി വനിതാ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി.ആന്തൂരിലെ 26- അഞ്ചാംപീടിക വാർഡിലെ സ്ഥാനാർത്ഥി ലിവ്യയെ വീട്ടിൽ തടഞ്ഞു വെച്ച് സ്ഥാനാർഥിത്വം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സിപിഎമ്മിന്റെ സമീപനം സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തന്നെ ബാധിക്കുകയാണ്. കഴിഞ്ഞ തവണയും സമാന രീതിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നേടാൻ എന്ത് അതിക്രമത്തിനും സിപിഎം മുതിരു എന്നതിൻ്റെ തെളിവാണ് ഈ സംഭവങ്ങൾ. ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുന്ന മുഴുവനാളുകളും ഇതിനെതിരെ പ്രതികരിക്കണം. സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കാൻ മതിയായ സംവിധാനങ്ങൾ ജില്ലയിൽ ഒരുക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.





Post a Comment

أحدث أقدم

AD01