കാസർഗോഡ്: ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ബീച്ച് റൺ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കാസർഗോഡ്, കുടുംബാരോഗ്യ കേന്ദ്രം പള്ളിക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബേക്കൽ ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ബീച്ച് റൺ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ സന്തോഷ്, ഈ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ബേസിൽ വർഗീസ്, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി പി ഹസീബ്, കുടുംബാരോഗ്യ കേന്ദ്രം പള്ളിക്കര ഹെൽത്ത് ഇൻസ്പെക്ടർ പി വി സജീവൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.
ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
നവംബർ 18 മുതൽ 24 വരെയാണ് ലോകാരോഗ്യ സംഘടന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അവബോധ വാരമായി ആചരിക്കുന്നത്. 'ഇപ്പോള്‍ പ്രവര്‍ത്തിക്കുക: വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും' (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.
വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.
.jpg)


إرسال تعليق