കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ


കോഴിക്കോട്: കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതുകൊണ്ട് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഈ തെരഞ്ഞെടുപ്പിനെ ബിജെപി സെമി ഫൈനൽ ആയിട്ടല്ല, ഫൈനലായിട്ടാണ് കാണുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

21105 വാർഡുകളിൽ എൻഡിഎ മത്സരിക്കുന്നുണ്ട്. ഭരണമാറ്റം മാത്രമല്ലാതെ ഭരണ ശൈലിയിൽ കൂടെയുള്ള മാറ്റമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ 95 ശതമാനം വികസനവും കേന്ദ്രം നടപ്പിലാക്കുന്നതാണ്. സംസ്ഥാന സർക്കാർ ആണ് ഫണ്ട് നൽകാത്തത്. പാലക്കാട് നഗരസഭ കേരളത്തിൽ ഒന്നാം സ്ഥാനത്താണുള്ളത്. കേരളത്തിൽ ഇനി വേണ്ടത് ഒരു ഡബിൾ എഞ്ചിൻ സർക്കാരാണ്. കേരളത്തിൽ ചിലർ വെൽഫെയർ പാർട്ടിക്ക് ഇടം നൽകുന്നു. ഇത് ബിജെപി എതിർക്കുന്നു. കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചത് തന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നതാണ്. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് പറഞ്ഞ അദ്ദേഹം സിപിഎം- കോൺഗ്രസ് ധാരണയുടെ ഇരയാണ് താനെന്നും പറഞ്ഞു.

ശിവൻകുട്ടിയുടെ എസ്എസ്കെ ആരോപണത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

എസ് എസ് കെ ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബിജെപി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും ഫണ്ട് തടയാൻ ശ്രമിക്കുന്നുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം ബിജപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളി. സംസ്ഥാന സർക്കാർ അഞ്ചുവർഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള 'കഥകൾ' മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എസ്കെ ഫണ്ട് കിട്ടിയില്ല എന്ന് ശിവൻ കുട്ടി പറയുന്നത് കാപട്യമാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് അല്ല ഇക്കാര്യം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

أحدث أقدم

AD01