മാനന്തവാടി കുഴല്‍പണക്കേസിൽ പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് സംശയം

 


വയനാട്: മാനന്തവാടി കുഴല്‍പണക്കേസിൽ പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് സംശയം. കേസിലെ മുഖ്യപ്രതിയായ സല്‍മാന്‍ സഹായം ചോദിച്ച് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ഫോണില്‍ വിളിച്ചതായി കസ്റ്റംസ് സ്ഥിരീകരിച്ചു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോ എന്ന സംശയം ഉയരുന്നത്. കുഴല്‍പണ ഇടപാടില്‍ പോലീസുദ്യോഗസ്ഥന്‍ നേരിട്ട് ഇടപെട്ടോ അതോ വിവരങ്ങള്‍ കൈമാറിയോ എന്നീ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബെംഗളൂരുവില്‍നിന്ന് വടകരയിലേക്ക് കടത്തുകയായിരുന്ന മൂന്നുകോടിയിലധികം രൂപയുടെ കുഴല്‍പ്പണമാണ് മാനന്തവാടി പോലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. വടകര കണ്ടിയില്‍വീട്ടില്‍ സല്‍മാന്‍ (36), വടകര അമ്പലപറമ്പത്ത് വീട്ടില്‍ ആസിഫ് (24), വടകര പുറത്തൂട്ടയില്‍ വീട്ടില്‍ റസാക്ക് (38), വടകര ചെട്ടിയാംവീട്ടില്‍ മുഹമ്മദ് ഫാസില്‍ (30), താമരശ്ശേരി പുറാക്കല്‍ വീട്ടില്‍ മുഹമ്മദ് (അപ്പു) എന്നിങ്ങനെ അഞ്ചുപേര്‍ പിടിയിലായി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍നിന്നാണ് രൂപ കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെ കാറില്‍ പണവുമായി വ്യാഴാഴ്ച പുലര്‍ച്ചെയും ഇവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യസൂത്രധാരനായ സല്‍മാന്‍, സുഹൃത്ത് മുഹമ്മദ് എന്നിവരും പിടിയിലായി. ഇവര്‍ സഞ്ചരിച്ച കാര്‍ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും അടിയിലായി നിര്‍മിച്ച പ്രത്യേക അറയില്‍നിന്ന് അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ചനിലയില്‍ കണ്ടെത്തിയത്.



Post a Comment

أحدث أقدم

AD01