ബിഹാർ ആർക്കൊപ്പം? ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; ആത്മവിശ്വാസത്തോടെ മുന്നണികൾ


ഇന്ത്യ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ പൂർണ ചിത്രമറിയാൻ സാധിക്കുമെങ്കിലും, അതിന് മുമ്പേ തന്നെ ബിഹാർ ആരുപിടിക്കും എന്ന ഏകദേശ ധാരണ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എക്‌സിറ്റ് പോളിൽ എൻ ഡി എ ആയിരുന്നു ട്രെൻഡിങ് എങ്കിലും ഫലങ്ങൾ മാറിമറിയാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട് എന്നതാണ് മഹാസഖ്യത്തിന് പ്രതീക്ഷ നൽകുന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി റെക്കോർഡ് പോളിംഗാണ് ബിഹാറിൽ രേഖപ്പെടുത്തിയത് – 64.7 ശതമാനം. ഇരുഘട്ടങ്ങളിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‍തമായി, പുരുഷന്മാരേക്കാൾ കൂടുതലായി വനിതാ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി എന്ന പ്രത്യേകതയുമുണ്ട്.

243 സീറ്റുകളിലേക്കാണ് പോരാട്ടം നടക്കുന്നത്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ പിടിക്കണം. എക്‌സിറ്റ് പോൾ ഫലങ്ങളിൽ അട്ടിമറി ഉണ്ടായാൽ തേജസ്വി യാദവ് തരംഗത്തിനാകും ബിഹാർ സാക്ഷ്യം വഹിക്കുക. വോട്ടെണ്ണലിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി വോട്ട് ചോരി ആരോപണങ്ങൾ കോളിളക്കം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി നിരീക്ഷണവും മൂന്ന് തലങ്ങളിലുള്ള സുരക്ഷാ സംവിധാനവും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎമ്മുകൾ) വിവിപാറ്റ് സ്ലിപ്പുകളും കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 70-ലധികം വോട്ടെണ്ണൽ നിരീക്ഷകരെയും 14,000 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പടരുന്നത് തടയാൻ ചില വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരത്തും ഇന്റർനെറ്റ് സേവനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.



Post a Comment

أحدث أقدم

AD01