തലച്ചോറിനെ കാർന്ന് തിന്നുന്നവനെ പേടിക്കണം; എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ? പ്രതിരോധ മാർ​ഗങ്ങൾ അറിഞ്ഞിരിക്കാം


അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ( Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം എന്ന് കേൾക്കുമ്പോൾ പലർക്കും പേടി തന്നെയാണ്. കാരണം നിരവധിയാളുകളാണ് ഇത് ബാധിച്ച് മരണപ്പെടുന്നത്. ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി (Naegleria fowleri) വിഭാ​ഗത്തിൽ പെടുന്ന അമീബ തലച്ചോറിൽ എത്തുമ്പോഴാണ് മരണം സംഭവിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം എന്താണെന്നും അവ മരണകാരിയാകുന്നത് എങ്ങനെയാണെന്നും എങ്ങനെ പ്രതിരോധിക്കാമെന്നും പരിശോധിക്കാം.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം

നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇൻഫെക്ഷൻസ് (അണുബാധ) ആണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതിൽത്തന്നെ, കൂടുതൽ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്.

വൈറസുകൾ കാരണം ഉണ്ടാകുന്ന തരം മെനിഞ്ചൈറ്റിസിൽ പോളിയോ, മമ്പ്സ്, ജപ്പാൻ ജ്വരം എന്നിവയും കുത്തിവെപ്പിലൂടെ ഒരു വിധം നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിപ്പ, ഹെർപ്പിസ്, എന്ററോവൈറസ്, വെസ്റ്റ് നൈൽ തുടങ്ങി അനേകം വൈറസുകൾ തടയാൻ നമ്മുക്ക് വാക്സിനുകൾ ലഭ്യമല്ല.

അമീബയെ നമുക്ക് പരിചയം കാണും. ഏകകോശ ജീവിയായ അമീബയുടെ ചിത്രവും അത് ഇര പിടിക്കുന്ന രീതിയുമൊക്കെ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുള്ളതാണ്. സാധാരണഗതിയിൽ അമീബകൾ രോഗമൊന്നും ഉണ്ടാക്കാറില്ല. പക്ഷെ, എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരിൽ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. മാത്രമല്ല, ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കുന്ന അമീബകളും ഉണ്ട്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

അമീബ എങ്ങനെ ശരീരത്തിലെത്തുന്നു?

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് അമീബ തലച്ചോറിലെത്തുന്നത്. രോ​ഗകാരിയായ അമീബയുള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോ​ഗബാധയുണ്ടാകുന്നത്. ഇത്തരം അമീബയുള്ള വെള്ളം കുടിക്കുന്നത് പ്രശ്നകരമല്ല എന്നു മാത്രമല്ല, ഇത് മനുഷ്യനിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നവയുമല്ല. സാധാരണ ഇത്തരം അമീബകൾ ചൂടുള്ള കാലാവസ്ഥയിലാണ് കാണപ്പെടാറുള്ളത്.

സാധാരണയായി അമീബ കൊണ്ട് ഉണ്ടാകുന്ന രോ​ഗങ്ങൾ വയറിളക്കമോ കരളിന് പഴുപ്പോ ഒക്കെയാണ്. അണുബാധയുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുക വഴിയാണ് ഈ രോ​ഗങ്ങൾ ബാധിക്കുക. എന്നാൽ ഇവിടെ തലച്ചോറിലെ നീർക്കെട്ടിനു കാരണമാകുന്ന അമീബ ശരീരത്തിലെത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.

രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ പനി, തലവേദന, ഛർദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോ​ഗലക്ഷണങ്ങൾ കാണുന്നതു കൊണ്ടുതന്നെ ആരും വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല. രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അത് തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓർമ നഷ്ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോഗനിർണയം നടത്തുകയും ചെയ്യുന്നത്.

നിപ്പ, വെസ്റ്റ്നൈൽ തുടങ്ങിയവയൊക്കെ പി.സി.ആർ. ടെസ്റ്റും മറ്റും ചെയ്തതിനുശേഷമാണ് രോ​ഗനിർണയം നടത്താനാവുക. എന്നാൽ, ഇവിടെ മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അതായത് അമീബയിൽ നിന്നുള്ള അണുബാധ സംശയിക്കുന്നയുടൻ തന്നെ നട്ടെല്ലിൽ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം. അത് പലപ്പോഴും നടക്കുന്നത് വളരെ വൈകിയതിനു ശേഷമായിരിക്കും എന്നതാണ് പ്രധാന പ്രശ്നം. സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടു പിടിക്കുമ്പോളാണ് ഈ രോഗാണുമൂലമാണ് രോഗമുണ്ടായത് എന്ന് വ്യക്തമാവുക.

ഇത് മരണസാധ്യത കൂടുതലുള്ള കേസാണ്. ആ​ഗോളതലത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ പരിശോധിച്ചാൽ നൂറുശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത് വെറും നാലോ അഞ്ചോ കുട്ടികൾ മാത്രമായിരിക്കും രോ​ഗത്തെ അതിജീവിച്ചിട്ടുണ്ടാവുക. അതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ആണുള്ളത്. അതിലൊന്ന് രോ​ഗം വഷളാകുന്ന ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പേ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാകും എന്നതാണ്. മറ്റൊന്ന് ഫം​ഗസ്-ബാക്റ്റീരിയൽ ട്രീറ്റ്മെന്റിന് കൊടുക്കുന്ന കോമ്പിനേഷൻ മരുന്നുകൾ തുടക്കത്തിൽ തന്നെ കൊടുക്കാനാവുന്നു എന്നതാണ്.

പലപ്പോഴും വൈറൽ പനിയാണ് എന്നു കരുതി സ്വയംചികിത്സ നടത്തി അപസ്മാരമൊക്കെ ആയതിനുശേഷമാകും ഡോക്ടർമാരുടെ അടുക്കലെത്തുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുമുണ്ടാകും.

അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

  • സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക
  • പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക
  • നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക
  • മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക
  • തല വെള്ളത്തിൽ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.
  • നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
  • രോ​ഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തുക.


Post a Comment

أحدث أقدم

AD01