പി.പി. ദിവ്യയ്ക്ക് സീറ്റില്ല, SFI മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പിണറായിയില്‍; കണ്ണൂരില്‍ CPM സ്ഥാനാര്‍ഥികളായി



കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. അതേസമയം, എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന്‍ ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്.



 മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുക. കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന്‍ പെരളശ്ശേരിയില്‍നിന്ന് ജനവിധി തേടും. എല്ലാഘടകങ്ങളും പരിഗണിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പറയാറില്ലെന്നും ഈ പാനലില്‍ പ്രസിഡന്റാകാന്‍ കഴിയുന്ന പലരുമുണ്ടെന്നും എല്ലാവരും അതിന് യോഗ്യതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Post a Comment

أحدث أقدم

AD01