ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ് ; ഇന്ത്യയിലെത്തുന്നത് 1.5 ലക്ഷം കോടി നിക്ഷേപം


എ ഐയുടെ വളർച്ചയ്ക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി 17.5 ബില്യൺ ഡോളർ (1.5 ലക്ഷം കോടി) ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല നരേന്ദ്ര മോദിയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.  ഇന്ത്യയുടെ എ ഐ ഭാവിക്കായി അടിസ്ഥാന സൗകര്യങ്ങൾ ,സേവനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം നടത്തുന്നതെന്നും ,ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും നദെല്ല തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. നിർമിതബുദ്ധിയിലെ ഇന്ത്യയുടെ മുന്നേറ്റം ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നതാണെന്നും കമ്പനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായി ഇന്ത്യ മാറുന്നതിൽ വലിയ സന്തോഷമുണ്ടെന്നും മൈക്രോസോഫ്റ്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ഈ വർഷത്തെ സത്യ നദെല്ലയുടെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണിത്. ജനുവരിയിൽ ആയിരുന്നു ആദ്യ കൂടിക്കാഴ്ച. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എ ഐ , ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായും പുതിയ ഡാറ്റ സെന്ററുകൾ സ്ഥാപിക്കുന്നത് കമ്പനിയുടെ പുതിയ നിക്ഷേപ പദ്ധതിയിൽ ഉൾപെടുന്നതായും നദെല്ല പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപം നിർമിത ബുദ്ധിയിൽ ഇന്ത്യയെ ലോകത്തിന് മുന്നിൽ ഒന്നാമതാക്കുമെന്നും ,രാജ്യത്ത് പുതിയ അവസരങ്ങൾ തുറക്കുന്നതിന് ഇത് കരണമാകുമെന്നുമാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. 



Post a Comment

أحدث أقدم

AD01