നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ ഉടന്‍; പ്രോസിക്യൂഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ അപ്പീല്‍ നല്‍കും. അപ്പീലില്‍ വിചാരണക്കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കും. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെയായിരിക്കും ആദ്യം അപ്പീല്‍ നല്‍കുക. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും മന്ത്രിമാര്‍ അടക്കമുള്ളവരും നേരത്തെ പറഞ്ഞിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ നാൾവഴി

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തിൽവെച്ച് അതിക്രൂരമായ പീഡനം. ഇതിന് ശേഷം നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. നടൻ ലാൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎൽഎയും സംഭവം അറിഞ്ഞെത്തി. തുടർന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൾസർ സുനിയാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി. ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2017 ഫെബ്രുവരി 19ന് കൊച്ചിയിൽ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയിൽ വെച്ച് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യർ സൂചിപ്പിച്ചിരുന്നു. പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട വടിവാൾ സലിം, പ്രദീപ് പ്രതികളിൽ ഒരാളായ മണികണ്ഠൻ എന്നിവരെ പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാനെത്തിയ പൾസർ സുനി, വിജേഷ് എന്നിവരെ പൊലീസ് പിടികൂടി. 50 ലക്ഷം രൂപയുടെ ക്വട്ടേഷൻ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നായിരുന്നു പൾസർ സുനിയുടെ മൊഴി. പിന്നാലെ റിമാൻഡിലായ പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ചു സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നൽകി. 2017 ജൂൺ 23ന് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത് റിപ്പോർട്ടർ ടിവി പുറത്ത് വിട്ടത് കേസിലെ നിർണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2017 ജൂൺ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽവെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കപ്പെട്ട ദിലീപ് പിറ്റേന്ന് നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തിരുന്നു. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതിന്റെ തെളിവ് പൊലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ ആരംഭിച്ചു. കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ സാക്ഷികളെ അടക്കം കൂറ് മാറ്റി കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ പ്രതികൾ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് മേൽക്കോടതികളെ അടക്കം നിരന്തരം സമീപിക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനിടയിലാണ് 2021 ഡിസംബർ 25 സംവിധായകൻ ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടറിലൂടെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തുന്നത്. നടൻ ദിലീപിന്റെ ആലുവയിലെ വീടായ 'പത്മസരോവര'ത്തിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകർത്തിയ പീഡനദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകി.



Post a Comment

أحدث أقدم

AD01