ദേശീയ പാതകളില്‍ പുതിയ സുരക്ഷാ സംവിധാനം; ജിയോയുമായി കൈകോര്‍ക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ



ന്യൂഡല്‍ഹി: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്നതിനായി ജിയോയുമായി ധാരണാപത്രം ഒപ്പുവച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ജിയോയുടെ നിലവിലുള്ള 4ജി, 5ജി നെറ്റ്‌വർക്ക്  ഉപയോഗിക്കുന്നവര്‍ക്ക് അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, കന്നുകാലികള്‍ അലഞ്ഞുതിരിയുന്ന സ്ഥലങ്ങള്‍, മൂടല്‍മഞ്ഞുള്ള പ്രദേശങ്ങള്‍, അടിയന്തരമായിയുള്ള വഴിതിരിച്ചുവിടലുകള്‍ തുടങ്ങിയവയിലേക്ക് അടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ ലഭിക്കുമെന്ന് എന്‍എച്ച്എഐ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ഹാര്‍ഡ്വെയര്‍ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകതയായി പറയുന്നത്. നിലവിലുള്ള ടെലികോം ടവറുകള്‍ ഉപയോഗിച്ച് വേഗത്തിലും വലിയ തോതിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്നും പറയുന്നു. ദേശീയപാത ഉപയോക്താക്കള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കുന്നതിലൂടെ വേഗതയും ഡ്രൈവിങ് രീതിയും മുന്‍കൂട്ടി ക്രമീകരിക്കുക, റോഡ് സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമായി പറയുന്നത്. നാഷണല്‍ ഹൈവേ ഉപയോക്താക്കള്‍ക്ക് എസ്എംഎസ്, വാട്ട്സ്ആപ്പ്, കാളുകള്‍ എന്നിവ വഴി അലേര്‍ട്ടുകള്‍ അയക്കും. 'രാജ്മാര്‍ഗ് യാത്ര' മൊബൈല്‍ ആപ്ലിക്കേഷന്‍, അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 1033 എന്നിവയുള്‍പ്പെടെ എന്‍എച്ച്എഐയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമായി ഘട്ടം ഘട്ടമായി ഈ സംവിധാനം സംയോജിപ്പിക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ദേശീയപാതകളിലോ സമീപത്തോ ഉള്ള എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും ഈ ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിക്കാനാകും. കൂടാതെ യാത്രക്കാര്‍ അപകടകരമായ മേഖലയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് ലഭിക്കും. രാജ്യത്തെ 500 ദശലക്ഷത്തിലധികം ജിയോ ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാകുന്നത്. മറ്റ് ടെലികോം സേവന ദാതാക്കളുമായും എന്‍എച്ച്എഐ സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. സമയബന്ധിതമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് കമ്പനിയുടെ വിപുലമായ ശൃംഖലയെ ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നുവെന്ന് ജിയോ പ്രസിഡന്റ് ജ്യോതിന്ദ്ര താക്കര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് സമയബന്ധിതവും വിശ്വസനീയവുമായ വിവരങ്ങള്‍ നല്‍കുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്ന് എന്‍എച്ച്എഐ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് പറഞ്ഞു. റെഗുലേറ്ററി, ഡാറ്റാ-പ്രൊട്ടക്ഷന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്, തിരഞ്ഞെടുത്ത എന്‍എച്ച്എഐ റീജിയണല്‍ ഓഫീസുകള്‍ക്ക് കീഴില്‍ ഒരു പൈലറ്റ് റോള്‍ഔട്ട് ആരംഭിക്കും. നിലവിലുള്ള ടെലികോം ടവറുകള്‍ ഉപയോഗിക്കുന്നതിനാല്‍ റോഡരികില്‍ അധിക ഹാര്‍ഡ്വെയറുകള്‍ ഇല്ലാതെ ഈ സംവിധാനം വേഗത്തില്‍ വിന്യസിക്കാന്‍ കഴിയും.



Post a Comment

أحدث أقدم

AD01