‘ജനകീയനായ എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനം, ജനങ്ങളോടുള്ള വെല്ലുവിളി’ : മന്ത്രി വി ശിവൻകുട്ടി


വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ജനകീയനായ എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്നാണ് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത്. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ജനപ്രതിനിധിയുടെ ഓഫീസ് എന്നത് കേവലം ഒരു കെട്ടിടമല്ല, അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണെന്നും മന്ത്രി പറഞ്ഞു.

കോർപ്പറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫീസിനെതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്, മറിച്ച് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്‌വഴക്കം.


നിയമപരമായ കരാർ കാലാവധി നിലനിൽക്കേ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി എംഎൽഎ ഓഫീസിനെതിരെ തിരിയുന്നവർ യഥാർത്ഥത്തിൽ വെല്ലുവിളിക്കുന്നത് വട്ടിയൂർക്കാവിലെ ജനങ്ങളെയാണെന്നും ജനകീയനായ ഒരു എം.എൽ.എയുടെ പ്രവർത്തനങ്ങളെ ഇത്തരം വിലകുറഞ്ഞ നീക്കങ്ങൾ കൊണ്ട് തളർത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. വി.കെ പ്രശാന്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Post a Comment

أحدث أقدم

AD01