കൊല്ലം ഡിസിസി മാഫിയ സംഘത്തിന്‍റെ കൈപ്പിടിയിൽ’: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രണ്ട് കോൺഗ്രസ് നേതാക്കന്മാർ രാജി വെച്ചു

 



കൊല്ലം ഡി സി സി വർഷങ്ങളായി മാഫിയ സംഘത്തിന്‍റെ കൈപിടിയിലെന്ന ആരോപണവുമായി ജില്ലയിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കോൺഗ്രസിൽ ഭാരവാഹികളേയും സ്ഥാനാർഥികളേയും തീരുമാനിക്കുന്നത് പണം വാങ്ങിയാണെന്നും അഭിഭാഷകനായ ഉളിയകോവിൽ രാജേഷും സി ഷാനവാസ് ബാബുവും ആരോപിച്ചു. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം ഇരുവരും കോൺഗ്രസിൽ നിന്ന് രാജി വെച്ചു. കൊല്ലത്തെ കോൺഗ്രസിൽ ചില വ്യക്തികൾ അടങ്ങുന്ന കോക്കസ് ഡിവിഷൻ, പഞ്ചായത്ത്, വാർഡ് കമ്മറ്റികൾ ചേരാതെ പണം വാങ്ങി പലയിടത്തും സ്ഥാനാർഥികളെ തീരുമാനിച്ചു എന്നാണ് ആരോപണം. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെപ്പോലും പണം വാങ്ങി വീതം വെയ്ക്കുന്നു. തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പറഞ്ഞു.അനീതി ചോദ്യം ചെയ്തവരെ നോട്ടീസ് നൽകാതെയും വിശദീകരണം ചോദിക്കാതെയും പുറത്താക്കുന്നു. മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് കോക്കസ് പ്രവർത്തിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഇതേ വനിത ഡിസിസി പ്രസിഡന്‍റ് ആയതിന് ശേഷം കൊല്ലം ഡിസിസി മന്ദിരം മോടി പിടിപ്പിക്കുന്നതിന്‍റെ പേരുപറഞ്ഞ് ലക്ഷങ്ങൾ മുതലാളിമാരിൽ നിന്ന് പിരിച്ചു. വ്യക്തമായ വരവുചെലവ് കണക്ക് ഇതുവരെയും ഡിസിസിയുടെ കമ്മറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടില്ലെന്നും സി. ഷാനവാസ് ബാബു ആരോപിച്ചു. ദേശീയ തലത്തിൽ കോൺഗ്രസിന്‍റെ പ്രസക്തി നഷ്‌ടപ്പെട്ടു. കൊല്ലം ജില്ലയിലെ ഈ കോക്കസിനെ നിയന്ത്രിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടതിനാൽ തങ്ങൾ കോൺഗ്രസ് അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുന്നു എന്നും അവർ വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01