ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സമവായമില്ല. ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ നിന്നുതന്നെ നിയമനം വേണമെന്ന് മന്ത്രിമാരും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകളോട് യോജിപ്പില്ലെന്ന് ഗവര്‍ണറും വ്യക്തമാക്കിയതോടെയാണ് സമവായ നീക്കം പൊളിഞ്ഞത്. കോടതി തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാരിന്റെയും ലോക്ഭവന്റെയും പ്രതികരണം.ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം സംബന്ധിച്ച കേസ് നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് അനുനയ നീക്കവുമായി മന്ത്രിമാരായ പി. രാജീവും ആര്‍ ബിന്ദുവും ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ടത്. കൈമാറിയ മൂന്നംഗ പട്ടികയിലെ ഏതെങ്കിലും പേരിനോട് എതിര്‍പ്പ് ഉണ്ടെങ്കില്‍ മറ്റ് പേരുകള്‍ പരിഗണിക്കണമെന്നായിരുന്നു മന്ത്രിമാരുടെ അഭ്യര്‍ഥന.സര്‍ക്കാര്‍ നല്‍കിയ പട്ടിക സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍, സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്ക് ലോകഭവന്‍ നിര്‍ദ്ദേശിച്ച ഡോ.സിസ തോമസിന്റെ അയോഗ്യത എന്താണെന്ന് മന്ത്രിമാരോട് ചോദിച്ചു. സിസ തോമസ് അയോഗ്യയെങ്കില്‍ സര്‍ക്കാര്‍ തന്നെ അവരെ പല പ്രധാനപ്പെട്ട കമ്മിറ്റിയില്‍ അംഗമാക്കിയതെന്നും ഗവര്‍ണര്‍ ചോദിച്ചു. രാഷ്ട്രീയമാണ് എതിര്‍പ്പിന് കാരണം എങ്കിലും ലോകഭവന് രാഷ്ട്രീയമില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സജി ഗോപിനാഥിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇരുഭാഗവും അവരവരുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ കോടതി തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് കൂടിക്കാഴ്ച അവസാനിപ്പിച്ചു.
.jpg)



إرسال تعليق