രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറില്‍; വ്യാപക തിരച്ചിൽ


പാലക്കാട്: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഒളിവിൽ പോയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് സൂചന. രാഹുൽ പോയതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് നമ്പർ പരിശോധിച്ചപ്പോൾ കാർ ഒരു സിനിമാ നടിയുടേതാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ടശേഷമാണ് മറ്റൊരു കാറിൽ രാഹുൽ പോയത്. കേസെടുത്ത് നാലാം ദിവസവും രാഹുൽ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല.ഇതോടെ രാഹുലിനെ കണ്ടെത്താനുള്ള വ്യാപക തിരച്ചിലിലാണ് പോലീസ്. ഇതിനിടെ കഴിഞ്ഞ ദിവസം രാഹുലിന്റെ താമസസ്ഥലമായ പാലക്കാട് കുന്നത്തൂർമേടുള്ള ഫ്ലാറ്റിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പാലക്കാട് എഎസ്പി രാജേഷ്‍ കുമാർ പറഞ്ഞു. ഒരു മാസം മുൻപു വരെയുള്ള ദൃശ്യങ്ങളെ ഉള്ളൂവെന്നാണു സൂചന. എന്നാൽ യുവതിയെ എത്തിച്ചുവെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പോലീസ്. അതേസമയം ഒളിവിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം കൂട്ടുപ്രതി ജോബി ജോസഫും ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. രാഹുൽ കോയമ്പത്തൂരിലേക്ക് കടന്നുവെന്ന റിപ്പോർട്ട് പോലീസ് തള്ളികളയുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിട്ടുണ്ട്. രാഹുലിന്റെ സുഹൃത്തുക്കളെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ഫോണ്‍വിളികള്‍ അടക്കം നിരീക്ഷണത്തിലാണ്.



Post a Comment

أحدث أقدم

AD01