സംസ്ഥാന ക്ഷീര സംഗമം “പടവ് 2026” ജനുവരി 18 മുതൽ 21 വരെ കൊല്ലത്ത് വെച്ച് നടക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി 18-ാം തീയതി കർഷകരുടെ വിളംബരജാഥയും ഡയറി എക്‌സ്‌പോയും നടക്കും. സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മികച്ച ക്ഷീര കർഷകർക്കുള്ള അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ പാൽ കറന്ന കർഷകനുള്ള ജനറൽ വിഭാഗം അവാർഡ് ഇടുക്കി സ്വദേശി ഷൈൻ കെ.ബി (ഒരു ലക്ഷം രൂപ) കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ആലപ്പുഴയിൽ നിന്നുള്ള വത്സലയും (50,000 രൂപ), പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അരുൺ കുമാറും (50,000 രൂപ) അവാർഡിന് അർഹരായി. മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് വയനാട് മീനങ്ങാടി ക്ഷീരോത്സവ സംഘം (ഒരു ലക്ഷം രൂപ) സ്വന്തമാക്കി. സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മിൽമയാണ് കൈക്കൊള്ളേണ്ടതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മിൽമയ്ക്ക് എപ്പോൾ വേണമെങ്കിലും വില വർധിപ്പിക്കാൻ സാധിക്കുമെന്നും, അവർ ശുപാർശ സമർപ്പിച്ചാൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കാരണവശാലും പാൽ വില കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെടില്ല.
സംസ്ഥാനത്ത് ആഭ്യന്തര പാൽ ഉത്പാദനം വർധിച്ചുവരികയാണ്. എന്നാൽ കർഷകർ പലയിടങ്ങളിലും പാൽ നൽകിയ ശേഷമാണ് ബാക്കി മിൽമയിൽ എത്തിക്കുന്നത് എന്നതിനാൽ വിതരണത്തിൽ കൃത്യതയില്ലായ്മയുണ്ട്. ഇത് പരിഹരിക്കാനും ഉത്പാദനത്തിലെ യഥാർത്ഥ വർധനവ് കണക്കാക്കാനുമായി സംസ്ഥാനത്ത് സർവേ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
തെരുവ് നായ നിയന്ത്രണത്തിനായി 2 കോടി രൂപ ചെലവിൽ 8 പോർട്ടബിൾ വാഹനങ്ങൾ വാങ്ങാൻ സർക്കാർ നടപടി ആരംഭിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പോർട്ടബിൾ തെരുവ് നായ കേന്ദ്രങ്ങൾ വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കൂടുതൽ യൂണിറ്റുകൾ കൊണ്ടുവരുന്നത്. വന്ധ്യംകരണം കഴിഞ്ഞാലും നായകൾ കടിക്കുന്ന പ്രവണതയുള്ളതിനാൽ വന്ധ്യംകരണത്തിനൊപ്പം മറ്റു സുരക്ഷാ മാർഗങ്ങളും പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
.jpg)



إرسال تعليق