കൊച്ചി : കിണറ്റിൽ വീണ നാല് വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ എസ്ഐ അതുൽ പ്രേം ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും അതിവേഗം അവസരോചിതമായി ഇടപെട്ടാണ് കുട്ടിയെ രക്ഷിച്ചത്. പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കാനായി എസ്ഐയും സംഘവും എത്തിയപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിർത്തുകയായിരുന്നു. അന്വേഷിച്ചപ്പോൾ കുട്ടി കിണറ്റിൽ വീണതായി മനസിലാക്കി. സ്വന്തം ജീവൻ പോലും നോക്കാതെ എസ്ഐ അതുൽ പ്രേം ഉണ്ണി കിണറ്റിലേക്കിറങ്ങി മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറ്റിൽ നിന്നു കോരിയെടുക്കുകയായിരുന്നു. എസ്ഐക്കൊപ്പമുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും പിന്നാലെ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തി. പൊലീസ് സംഘത്തിലുണ്ടായിരുന്ന എഎസ്ഐ ഈ സമയത്ത് നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി കുഞ്ഞിനെ പുറത്തെത്തിച്ചു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പുഞ്ചേരി താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിന്റെ മകനാണ് പൊലീസിന്റെ അവസരോചിത ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടിയത്.
.jpg)



إرسال تعليق