‘കളങ്കിതനായ വ്യക്തിയെ സോണിയ ഗാന്ധി വീട്ടില്‍ കയറ്റുമെന്ന് ഞാന്‍ കരുതുന്നില്ല’; വ്യത്യസ്ത നിലപാടുമായി കടകംപള്ളി സുരേന്ദ്രന്‍


ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയുടെ ബന്ധം പറഞ്ഞ് ഭരണപക്ഷം നിയമസഭയില്‍ പ്രതിരോധമൊരുക്കുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കളങ്കിതനായ വ്യക്തിയെ സോണിയാഗാന്ധി വീട്ടില്‍ കയറ്റുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് പ്രതികരണം. താന്‍ പോറ്റിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുമ്പോള്‍ എതിര്‍ചിത്രങ്ങള്‍ വരുന്നത് സ്വാഭാവികമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണവും, നിയമസഭയ്ക്ക് മുന്നില്‍ പിന്നീട് നടത്തിയ വിശദീകരണവും. സോണിയ ഗാന്ധിയുടെ കൂടെയുള്ള ചിത്രം ഞങ്ങളൊന്നും ആയുധമാക്കുന്നില്ലല്ലോ. സിപിഐഎമ്മിന് പോറ്റിയുമായെന്തോ ബന്ധമെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വാഭാവികമായിട്ടും ഇതെല്ലാം ഉയര്‍ന്നു വന്നതാണ്. അടൂര്‍ പ്രകാശ് നിരവധി ഫങ്ഷനില്‍ പങ്കെടുത്തുന്നു എന്ന് പറയുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരു തവണ മാത്രമാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ച് നിരവധി തവണ കണ്ടിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അനാവശ്യബന്ധമില്ല. വാര്‍ത്തകള്‍ വരുന്നത് വരെ ഉണ്ണികൃഷ്ണന്‍ പോറ്റി ഭക്തനെന്നാണ് താന്‍ കരുതിയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഞാന്‍ സ്വകാര്യമായിട്ടോ, രഹസ്യമായിട്ടോ പോയിട്ടുള്ളതല്ല. മന്ത്രിയെന്ന നിലയില്‍ എന്റെ വാഹനത്തില്‍ ഗണ്‍മാനോടൊപ്പമാണ് പോയിട്ടുള്ളത്. ആ സന്ദര്‍ഭത്തില്‍ മൂന്ന് ഗണ്‍മാന്‍മാരുള്ളതാണ്. മൂന്ന് പേരോടും ചോദിച്ചു. ഒന്നിലധികം പ്രാവശ്യം പോയിട്ടുണ്ടെങ്കില്‍ അത് പറയാന്‍ എനിക്ക് എന്ത് മടി. ഒരു ഫങ്ഷന് പോയി എന്നാണ് ഗണ്‍മാന്‍ പറഞ്ഞത്. ഇന്നിപ്പോള്‍ ഒരു ചാനലില്‍ കണ്ടപ്പോഴാണ് പോറ്റിയുടെ അച്ഛനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പോയതെന്ന്. ചടങ്ങ് കഴിഞ്ഞിട്ടാണ് ഞാന്‍ എത്തുന്നത്. എന്തോ ഗിഫ്റ്റ് കൊടുക്കുന്നതായിട്ട് കാണുന്നുണ്ട്. അതൊന്നും ഞാന്‍ വാങ്ങിക്കൊണ്ട് പോയതല്ല. അവിടെ വാങ്ങിവച്ചിരുന്നത് എടുത്ത് കൊടുത്തതായിരിക്കാനാണ് സാധ്യത. രാജു എബ്രഹാമും അവിടെ ഉണ്ടായിരുന്നു. എട്ട് വര്‍ഷത്തിന് മുന്‍പ് നടന്ന കാര്യം എങ്ങനെ ഓര്‍ത്തെടുക്കാനാണ് – അദ്ദേഹം പറഞ്ഞു.

വാര്‍ത്ത പുറത്ത് വരുന്ന 2025 വരെ താന്‍ പോറ്റിയെ കാണുന്നത് ഒരു കളങ്കവുമില്ലാത്ത മനുഷ്യന്‍ എന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. തന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും ഇടപെടലും അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ 9 പ്രാവശ്യം അയാളുടെ വീട്ടില്‍ പോയെന്ന് പറഞ്ഞാലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴൊക്കെ ശബരിമലയില്‍ പോയിട്ടുണ്ടോ അപ്പോഴൊക്കെ പോറ്റിയെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

أحدث أقدم

AD01