സർക്കാരിന്‍റെ നേട്ടങ്ങളുമായി ജനങ്ങളിലേക്കിറങ്ങാൻ എൽഡിഎഫ്: വികസന മുന്നേറ്റ ജാഥകൾക്ക് ഫെബ്രുവരിയിൽ തുടക്കം


കേരളത്തിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ വിപുലമായ വികസന മുന്നേറ്റ ജാഥകളും ജനസമ്പർക്ക പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്ത സാഹചര്യം വിലയിരുത്തുന്നതിനും ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയുന്നതിനുമായാണ് ഈ ക്യാമ്പയിൻ ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്‍റെ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ജനങ്ങളിൽ നിന്നും അനുകൂല പ്രതികരണമുണ്ടെന്നും, എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകാനാണ് മുന്നണി ലക്ഷ്യമിടുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ മൂന്ന് മേഖലാ ജാഥകൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. വടക്കൻ മേഖലാ ജാഥയ്ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നേതൃത്വം നൽകും. ഈ ജാഥ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. മധ്യ മേഖലാ ജാഥ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി നേതൃത്വം നൽകും. ഈ ജാഥ ഫെബ്രുവരി നാലിന് ഉദ്ഘാടനം ചെയ്യും. തെക്കൻ മേഖലാ ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേതൃത്വം നൽകുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു. കൂടാതെ, സർക്കാരിന്‍റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഓരോ അസംബ്ലി മണ്ഡല അടിസ്ഥാനത്തിലും ജാഥകൾ സംഘടിപ്പിക്കും. ഇടതുപക്ഷ എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ അവർ തന്നെ ജാഥയ്ക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 



Post a Comment

أحدث أقدم

AD01