വിവിധ സംസ്‌കാരങ്ങളെയും ജനങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കാണ് ഇന്ത്യയെന്നും, 75-ലധികം വർഷങ്ങളായി ജനാധിപത്യം വിജയകരമായി നടപ്പിലാക്കുന്ന ഇന്ത്യ ലോക ജനാധിപത്യത്തിന്‍റെ മാതാവാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നാണ് ഗവർണർ തന്‍റെ വാക്കുകൾക്ക് തുടക്കം കുറിച്ചത്.
കേരളത്തിൽ നിന്നുള്ള പ്രഗത്ഭർക്ക് പത്മ പുരസ്കാരങ്ങൾ ലഭിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. വി എസ് അച്യുതാനന്ദന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചതിൽ അദ്ദേഹം പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി. രാഷ്ട്രീയ-സാമൂഹിക രംഗത്തെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞു. സിനിമയിലെ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പത്മശ്രീ പുരസ്കാര ജേതാക്കളുടെയും പേര് പരാമർശിച്ച അദ്ദേഹം കേരളത്തിൽ നിന്നുള്ള പ്രതിഭകളെ ദേശീയ തലത്തിൽ അംഗീകരിച്ചതിന് കേന്ദ്രത്തിന് നന്ദിയും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കഴിവുറ്റ നേതൃത്വത്തിൽ, കേരളം സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ മാത്രമല്ല, ടൂറിസത്തെ സുസ്ഥിര വികസനത്തിന്റെ ഒരു മാതൃകയായി ഉയർത്തിക്കാട്ടുന്നതിലും വിജയിച്ചിട്ടുണ്ടെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.
.jpg)


إرسال تعليق