മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‌ തുടക്കം; ആവേശത്തിൽ തെലു​ഗുമണ്ണ്


രാജ്യത്തെ ഏറ്റവും വലിയ മഹിളാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത്‌ ദേശീയ സമ്മേളനത്തിന്‌ ഹൈദരാബാദിൽ തുടക്കം. ഹൈദരാബാദ്‌ ആർടിസി ഓഡിറ്റോറിയത്തിൽ നടിയും എഴുത്തുകാരിയുമായ എം രോഹിണി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. തെലങ്കാന പ്രത്യേക സംസ്ഥാനമായ ശേഷം ദേശീയ സമ്മേളനം നടക്കുന്നത് ആദ്യമായാണ്.

സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കുമെതിരെ പ്രതിരോധം തീർക്കുന്നതാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത്‌ ദേശീയ സമ്മേളനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 830 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന്‌ 200 പ്രതിനിധികളാണ് സമ്മേളനത്തിന്റെ ഭാഗമാകുക.

മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി അധ്യക്ഷയായ ചടങ്ങിൽ ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും ബൃന്ദ കാരാട്ടും മുഖ്യപ്രഭാഷണം നടത്തി. ശാന്ത സിൻഹയാണ് സ്വാഗതം ആശംസിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റാലിയും തുട‌ർന്ന് സമ്മേളനവും അരങ്ങേറും. ആയിരത്തിലേറെ സ്‌ത്രീകൾ റാലിയിൽ അണിനിരക്കും.

ദേശീയ സമ്മേളനത്തിന്റെ ആവേശത്തിലാണ് തെലു​ഗുമണ്ണ്. റെയിൽവേ സ്റ്റേഷൻ മുതൽ സമ്മേളന നഗരി വരെ കൊടികൾ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അതേസമയം നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ജനാധിപത്യ അവകാശങ്ങളും സ്‌ത്രീകളുടെ അവകാശ സംരക്ഷണവും ചർച്ച ചെയ്യുമെന്ന്‌ കഴിഞ്ഞ ദിവസം മീഡിയ സെന്റർ ഉദ്‌ഘാടനംചെയ്‌ത്‌ പി കെ ശ്രീമതി ടീച്ചർ പറഞ്ഞിരുന്നു. ‌

സമ്മേളനത്തോടനുബന്ധിച്ച്‌ ചരിത്രപ്രദർശനവും ഫോട്ടോ പ്രദർശനും നടന്നു. ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെയും ട്രഷറർ എസ്‌ പുണ്യവതിയും ചേ‌ർന്നാണ് ഉദ്‌ഘാടനം നി‌ർവഹിച്ചത്. സമ്മേളത്തിന്റെ നടത്തിപ്പിനായി മൂന്ന് മാസമായി തെലങ്കാനയിലെ നേതാക്കളും പ്രവർത്തകരും ഗ്രാമങ്ങൾ തോറും സഞ്ചരിക്കുകയായിരുന്നു. എഡുലുപുരം, മുഡിഗൊണ്ട, മധിര എന്നിവിടങ്ങളിലെ വീടുകളിൽ നിന്നാണ് പ്രധാനമായും ഫണ്ട് ശേഖരണം നടത്തിയത്.

Post a Comment

أحدث أقدم

AD01