ചിന്താശേഷി വളര്‍ത്താന്‍ വായന അനിവാര്യം -മന്ത്രി എ കെ ശശീന്ദ്രന്‍

 


കോഴിക്കോട്: കമ്പ്യൂട്ടര്‍ യുഗത്തിലും നമ്മുടെ ചിന്താശേഷിയും ബുദ്ധികൂര്‍മതയും ശക്തിപ്പെടുത്താന്‍ വായന അനിവാര്യമാണെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. ആര്‍.ജി.എസ്.എ ജില്ലാ പ്രോജക്ട് മാനേജര്‍ എം എസ് വിഷ്ണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി രവികുമാര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ ആര്‍ സിന്ധു, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി ഡോ. വി സുരേഷ് ബാബു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സുരേഷ് പുത്തന്‍പുരയില്‍, ജില്ലാ കണ്‍വീനര്‍ എം കെ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി നൂറോളം പുസ്തകങ്ങള്‍ സംഭാവന ചെയ്ത കെ ടി മുംതാസ്, പ്രവാസി സംഘടനയായ യുണീക് ഫ്രണ്ട്‌സ് ഓഫ് കേരള, തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് രാധിക, തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ സീനിയര്‍ ക്ലര്‍ക്ക് പത്മകുമാര്‍, എന്‍.എസ്.എസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. പുസ്തകങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച എന്‍.എസ്.എസ് യൂണിറ്റുകളെയും സ്‌കൂളുകളെയും കോളേജുകളെയും  സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. 'വായനയിലൂടെ ഉന്നതിയിലേക്ക്' എന്ന സന്ദേശത്തില്‍ ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികളിലും യുവജനങ്ങളിലും വായനാശീലം വളര്‍ത്തുകയും അറിവിലൂടെ വ്യക്തിത്വ വികസനവും സാമൂഹിക ഉന്നമനവും സാധ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'അക്ഷരോന്നതി'. വിദ്യാര്‍ഥികളുടെ പഠനമുറികളിലും ഹോസ്റ്റലുകളിലും വായനാ സൗകര്യങ്ങളും ആവശ്യമായ പുസ്തകങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിനാറായിരത്തിലധികം പുസ്തകങ്ങളാണ് ശേഖരിച്ചത്.



Post a Comment

أحدث أقدم

AD01