ഇന്ത്യ – യൂറോപ്പ് വ്യാപാര ബന്ധത്തിന് കരുത്തേകാൻ അദാനി പോർട്ട്‌സ് – പോർട്ട് ഓഫ് മാർസെയിൽ പങ്കാളിത്ത കരാർ


ഇന്ത്യ-യൂറോപ്പ് വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും ഫ്രാൻസിലെ പ്രമുഖ തുറമുഖവും മെഡിറ്ററേനിയനിലെ പ്രധാന കവാടവുമായ പോർട്ട് ഓഫ് മാർസെയിൽ ഫോസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വ്യാപാരം, തുറമുഖ നവീകരണം, ഊർജ്ജ പരിവർത്തനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലെ പ്രധാന തുറമുഖങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി ഒരു ‘IMEC പോർട്ട്‌സ് ക്ലബ്’ രൂപീകരിക്കുമെന്നതാണ് ഈ കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഇതിലൂടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനവേളയിലാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിനും ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനും ഊർജം പകരുന്ന പങ്കാളിത്തത്തിനാണ് അദാനി പോർട്ട്‌സും പോർട്ട് ഓഫ് മാർസെയിലും തുടക്കം കുറിക്കുന്നത്. 2023-ലെ ന്യൂഡൽഹി ജി20 ഉച്ചകോടിയിൽ തുടക്കമിട്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, കപ്പൽ ഗതാഗതം, റെയിൽ ശൃംഖലകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഊർജ്ജ പാതകൾ എന്നിവയിലൂടെ ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന 6,000 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റി പദ്ധതിയാണ്. ഈ സാമ്പത്തിക ഇടനാഴിയുടെ കിഴക്കൻ കവാടമായി അദാനിയുടെ മുന്ദ്ര, ഹസീറ തുറമുഖങ്ങൾ പ്രവർത്തിക്കുമ്പോൾ, ഈ കരാറിലൂടെ പടിഞ്ഞാറൻ യൂറോപ്യൻ കവാടമായി മാർസെയിൽ ഫോസ് മാറുന്നു. ഇത് ഇടനാഴിയുടെ ചരക്ക് നീക്ക ശേഷി 70 ദശലക്ഷം ടൺ ആയി വർദ്ധിപ്പിക്കും. യൂറോപ്പിലെ ഏറ്റവും വലിയ സംയോജിത മൾട്ടിമോഡൽ പോർട്ട് ഇക്കോസിസ്റ്റങ്ങളിൽ ഒന്നാണ് മാർസെയിൽ ഫോസ്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാരം സുഗമമാക്കുന്നതിന് കൂടുതൽ വ്യവസ്ഥാപിതമായ വഴി തുറക്കാൻ ഈ പങ്കാളിത്തം സഹായിക്കും.

“ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ ഇതിനകം തന്നെ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം പലമടങ്ങ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് APSEZ ഹോൾ-ടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു. “ഹസീറയിലെയും മുന്ദ്രയിലെയും ഞങ്ങളുടെ തുറമുഖങ്ങൾ ഇടനാഴിയുടെ ആദ്യ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഫ്രാൻസിലെ മാർസെയിൽ ഫോസുമായുള്ള ഈ കരാറിലൂടെ യൂറോപ്പിലേക്കുള്ള അവസാന ഘട്ടവും ഞങ്ങൾ ഇപ്പോൾ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇത് വിവരങ്ങളുടെയും ചരക്കുകളുടെയും കൈമാറ്റം വേഗത്തിലാക്കാനും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും സഹായിക്കും.”

“ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇടനാഴി നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്ന ഈ വേളയിൽ അദാനി പോർട്സുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എന്ന് പോർട്ട് ഓഫ് മാർസെയിൽ ഫോസ് സിഇഒ ഹെർവ് മാർട്ടൽ കൂട്ടിച്ചേർത്തു. “ഇന്ത്യയും മാർസെയിലും ഈ ഭാവി വ്യാപാര പാതയുടെ രണ്ട് അറ്റങ്ങളിലാണ് നിൽക്കുന്നത്. ഈ പുതിയ റൂട്ടിനെ ശക്തിപ്പെടുത്തുന്നതിൽ ഇരു തുറമുഖങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ഉൾപ്പെട്ടിട്ടുള്ള എല്ലാ തുറമുഖങ്ങളെയും ഏകോപിപ്പിക്കാനും, കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ബന്ധം ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”- ഹെർവ് മാർട്ടൽ പറഞ്ഞു.



Post a Comment

أحدث أقدم

AD01