മമ്മൂട്ടിയും ധനുഷും കൈകോർക്കുന്നു: ‘ബിഗ് എം ഒരു കഥ തെരഞ്ഞെടുത്താൽ അത് ചരിത്രമാകും’; ആവേശത്തിൽ ആരാധകർ


വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും തമിഴകത്തിന്റെ പ്രിയതാരം ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘D55’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ തമിഴ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രാജ്കുമാർ പെരിയസ്വാമിയാണ്. ധനുഷിനൊപ്പം മമ്മൂട്ടിയും കൈകോർക്കുമ്പോൾ ആരാധകരുടെ ആവേശവും ഇരട്ടിയായി മാറിയിരിക്കുകയാണ്.

2013-ൽ പുറത്തിറങ്ങിയ ‘കമ്മത്ത് & കമ്മത്ത്’ എന്ന ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. ഈ സിനിമയിലെ ഇരുവരും ഒന്നിച്ചുള്ള രസകരമായ നിമിഷം ആരാധകർ ഇന്നും ആഘോഷമാക്കുന്നുണ്ട്. ഇപ്പോഴിതാ നീണ്ട 13 വർഷങ്ങൾക്ക് ശേഷം മുഴുനീള വേഷങ്ങളിൽ ഇരുവരും ഒന്നിക്കുകയാണ്. സിനിമ തിയേറ്ററു,കളിൽ എത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ധനുഷ് നായകനാകുന്ന 55-ാമത്തെ ചിത്രം കൂടിയാണിത്.

സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിലെ സന്തോഷം മമ്മൂട്ടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘ധനുഷിനും രാജ്കുമാർ പെരിയസ്വാമിക്കും ഒപ്പമുള്ള ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും ആവേശവും തോന്നുന്നു’ എന്നാണ് അദ്ദേഹം എഴുതിയത്. തമിഴിലേക്കുള്ള മമ്മൂട്ടിയുടെ മടങ്ങിവരവും സിനിമാലോകം ആകാംക്ഷാപൂർവമാണ് ഉറ്റുനോക്കുന്നത്. ഏഴ് വർഷം മുമ്പ്, പുറത്തിറങ്ങിയ ‘പേരൻപ്’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തമിഴ് ചിത്രം. ഏറെ പ്രേക്ഷക – നിരൂപക പ്രശംസയേറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്.

മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് തന്നെ ഒരു ബഹുമതിയാണ് എന്നായിരുന്നു ധനുഷിന്റെ പ്രതികരണം. മമ്മൂട്ടിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രാജ്കുമാർ പെരിയസാമിയും ദീർഘവും ഹൃദയംഗമവുമായ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ട മമ്മൂക്ക ‘യെസ്’ പറഞ്ഞ ദിവസം തന്നെ ഈ സിനിമയ്ക്ക് ദിവ്യത്വം ലഭിച്ചുവെന്ന് എനിക്കറിയാമായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.

തന്റെ സിനിമയിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്യുന്നതിൽ ബഹുമാനവും ആഹ്ലാദവുമുണ്ടെന്നും സംവിധായകൻ കുറിച്ചു. “ബിഗ് എം ഒരു കഥ തെരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമാകും എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പ്രതികരണം. വൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ ധനുഷിനും മമ്മൂട്ടിക്കും ഒപ്പം സായ് പല്ലവിയും ശ്രീലീലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘ഡ്യൂഡ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ച സായ് അഭ്യാങ്കറാണ് സംഗീതം ഒരുക്കുന്നത്.



Post a Comment

أحدث أقدم

AD01