ബലാത്സംഗം സ്ത്രീകളുടെ മാത്രം പ്രശ്നമല്ല, മാറ്റം വീടുകളിൽ നിന്ന് തുടങ്ങണം; താപ്‌സി പന്നു


ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകൾക്കെതിരെയും കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്കെതിരെയും ശക്തമായ പ്രതികരണവുമായി നടി താപ്‌സി പന്നു രംഗത്ത്. ഈ വിപത്തിന്റെ വേരുകൾ നമ്മുടെ വീടുകളിൽ നിന്നാണ് ആരംഭിക്കുന്നതെന്നും കേവലം നിയമപരിഷ്കാരങ്ങൾ കൊണ്ട് മാത്രം ഇതിന് പരിഹാരം കാണാനാകില്ലെന്നും താരം വ്യക്തമാക്കി. ‘സാഹിത്യ ആജ്തക്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നുവെന്ന് പറഞ്ഞ താപ്‌സി, പത്ത് വയസ്സുകാരൻ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച വാർത്ത ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്ര ചെറിയ പ്രായത്തിൽ കുട്ടികൾ എങ്ങനെയാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണ നേടുന്നതെന്നും, അവർ വളരുന്ന സാഹചര്യത്തിലോ വീടിനുള്ളിൽ നിന്നോ ഇന്റർനെറ്റിലൂടെയോ ലഭിക്കുന്ന വിവരങ്ങളിലോ വലിയ പിഴവ് സംഭവിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ബലാത്സംഗം എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കാണാതെ, പുരുഷന്മാർ കൂടി ഇത്തരം ഗൗരവകരമായ ചർച്ചകളിൽ പങ്കാളികളാകണമെന്ന് താപ്‌സി ആവശ്യപ്പെട്ടു. പരസ്പര ബഹുമാനത്തെയും സമ്മതത്തെയും കുറിച്ചുള്ള അവബോധം സമൂഹത്തിൽ ഉണ്ടാകണമെന്നും ശിക്ഷകൾക്കപ്പുറം ശരിയായ വിദ്യാഭ്യാസത്തിലൂടെയും മാതാപിതാക്കളുടെ ശ്രദ്ധയിലൂടെയും മാത്രമേ ഇത്തരം പ്രവണതകൾ തടയാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു. ഈ സാമൂഹിക പോരാട്ടത്തിൽ ഓരോ വ്യക്തിക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്ന് താരം ഓർമ്മിപ്പിച്ചു.



Post a Comment

أحدث أقدم

AD01