‘ പണമിടപാട് ആരോപണത്തില്‍ കേസടുത്ത് അന്വേഷിക്കണം’; ആന്റോ ആന്റണി എംപിക്കെതിരെ വിജിലന്‍സിന് പരാതി



ആന്റോ ആന്റണി എംപിക്കെതിരെ വിജിലന്‍സിന് പരാതി. പണമിടപാട് ആരോപണത്തില്‍ കേസടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേരള വിജിലന്‍സിന് ആണ് പരാതി നല്‍കിയത്. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് പരാതിക്കാരന്‍. അതേസമയം, തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ചോദ്യംചെയ്യാനാണ് ഇഡി നീക്കം. ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ നല്‍കിയെന്ന നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം. രണ്ട് കോടി രൂപ സംബന്ധിച്ച കണക്ക് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആന്റോ ആന്റണിക്ക് ഒരു ഈടുമില്ലാതെ രണ്ട് കോടി കൈമാറിയെന്നായിരുന്നു എന്‍എം രാജുവിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് എംപി ഇഡിയുടെ ചോദ്യമുനയിലേക്ക് എത്തുന്നത്. കൈമാറിയ തുക തട്ടിപ്പിലൂടെ ലഭിച്ചതാണോ എന്ന അന്വേഷണമാണ് ഇഡി നടത്തുക. എന്‍ എം രാജുവിനെ ചോദ്യം ചെയ്ത ശേഷമാകും എംപിയെ നോട്ടീസ് നല്‍കി വിളിപ്പിക്കുക. ആന്റോ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഐഎം. കണക്ക് വ്യക്തമാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. എന്തിന് പണം വാങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചോദിച്ചു. വാങ്ങിയ പണം മടക്കി നല്‍കിയെന്നായിരുന്നു എംപിയുടെ ഇന്നലത്തെ മറുപടി. എന്നാല്‍ എത്ര വാങ്ങി എന്നതില്‍ വ്യക്തത വരുത്തിയില്ല. കേസില്‍ എന്‍എം രാജുവിന്റേയും കുടുംമ്പത്തിന്റേയും പേരിലുള്ള 44.5 കോടി രൂപയുടെ സ്വത്തുകള്‍ ഇഡി മരവിപ്പിച്ചിരുന്നു.


Post a Comment

أحدث أقدم

AD01